ഡല്ലാസ്: തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് ഫൈനലിലെത്തുകയെന്ന ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ സ്വപ്നങ്ങള്‍ സ്‌പെയിന്‍ തകര്‍ത്തു. സെമിഫൈനലില്‍ സ്‌പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെട്ടതോടെയാണ് എംബാപ്പെയുടെ കിരീടമോഹങ്ങള്‍ അവസാനിച്ചത്. മത്സരത്തില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്ക് കഴിഞ്ഞില്ല.
|
നിലവില്‍ എട്ട് ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്ത് തുടരുകയാണ് എംബാപ്പെ. ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിഫൈനലില്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവരുമായാണ് ശനിയാഴ്ച മിയാമിയില്‍ നടക്കുന്ന മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് ഏറ്റുമുട്ടുക. വിജയികള്‍ ഞായറാഴ്ച ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനലില്‍ സ്‌പെയിനുമായി മാറ്റുരയ്ക്കും.
ALSO READ: വീണ്ടുമൊരു സ്പാനിഷ് വസന്തം; എംബാപ്പെയ്ക്കും സംഘത്തിനും കണ്ണീർമടക്കം
മത്സരത്തിന്റെ ആദ്യ പകുതിയില്‍ വെറും 15 ടച്ചുകള്‍ മാത്രമാണ് എംബാപ്പെയ്ക്ക് നേടാനായത്; ആദ്യ പകുതിയില്‍ കളിച്ച ഫോര്‍വേഡുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്‌പെയിനിന് അനുകൂലമായി ആദ്യ പെനാല്‍റ്റി വിധിച്ച റഫറി ഇവാന്‍ ബാര്‍ട്ടനോട് തര്‍ക്കിച്ചതായിരുന്നു ആദ്യ പകുതിയില്‍ എംബാപ്പെയുടെ ഏറ്റവും ശ്രദ്ധേയമായ നിമിഷം.
രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് പിന്നില്‍ നില്‍ക്കെ, അറുപത്തിയേഴാം മിനിറ്റില്‍ എംബാപ്പെയ്ക്ക് ലഭിച്ച ഒരു അവസരം സ്‌പെയിന്‍ പ്രതിരോധ താരം മാര്‍ക്ക് കുക്കുറെല്ലയുടെ ശരീരത്തില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് എണ്‍പത്തിയാറാം മിനിറ്റില്‍ പന്ത് കൈക്കലാക്കാന്‍ ശ്രമിച്ച സ്പാനിഷ് ഗോളി ഉനായ് സിമോണുമായി കൂട്ടിയിടിച്ചതിന് 27-കാരനായ എംബാപ്പെയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയെ തോല്‍പ്പിച്ച മത്സരത്തിലാണ് എംബാപ്പെ ടൂര്‍ണമെന്റിലെ തന്റെ എട്ടാം ഗോള്‍ നേടിയത്. നാല് വര്‍ഷം മുമ്പ് ഖത്തര്‍ ലോകകപ്പിലും താരം എട്ട് ഗോളുകള്‍ നേടിയിരുന്നെങ്കിലും ഫൈനലില്‍ മെസ്സിയുടെ അര്‍ജന്റീനയോട് ഫ്രാന്‍സ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. എട്ട് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ക്രോയേഷ്യയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് കിരീടം ചൂടിയത്.
Kylian Mbappe Fails To Get Past Lionel Messi




