23
Mar 2025
Mon
23 Mar 2025 Mon
Kuwati raffle draw

യാ ഹാല റാഫിള്‍ ഡ്രോയില്‍ തിരിമറി നടത്തിയതും സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് കുവൈത്ത്. ആഭ്യന്തരംവാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ടാസ്‌ക് ഫേഴ്സ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനോടകം, പ്രധാന പ്രതികളായ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ഈജിപ്ഷ്യന്‍ ദമ്പതികള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ 58 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ പരിധിയിലുണ്ടെന്ന് സുരക്ഷ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട്. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായാണ് സൂചന.

ഇവര്‍ക്ക് എതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015-മുതലുള്ള എല്ലാ നറുക്കെടുപ്പുകളും അന്വേഷണ പരിധിയില്‍ പെടുത്തി. മുന്‍ വര്‍ഷങ്ങളില്‍ ഒന്നിലധികം തവണ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളവരെ ചോദ്യം ചെയ്യും.

ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതിപട്ടികയിലുള്ള മൂന്ന് വിദേശികള്‍ രാജ്യം വിടാന്‍ ശ്രമിച്ചു. ഇവരെ അധികൃതര്‍ പിടിക്കൂടി.

പ്രതിപ്പട്ടികയിലുള്ളവര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളം, റോഡ്-കടല്‍ മാര്‍ഗമുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ രാജ്യത്തിന് പുറത്താണുള്ളത്. ഇവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ച് വരുന്നു.

കഴിഞ്ഞ ആഴ്ചയാണ് യാ ഹാല നറുക്കെടുപ്പില്‍ വാണിജ്യ-മന്ത്രാലയം ഉദ്യോഗസ്ഥന്റെ നേത്യത്വത്തില്‍ തട്ടിപ്പ് നടന്നത്. നേരത്തേ കൊണ്ടു വന്ന ഒരു കൂപ്പണ്‍ നറുക്കെടുക്കുന്നു എന്ന വ്യാജേന എടുത്തു കാട്ടുകയായിരുന്നു. നറുക്കെടുപ്പ്, ലൈവായി വിഡിയോയില്‍ ചിത്രീകരിച്ച ഒരു സുരക്ഷ സേനയിലെ ജീവനക്കാരനാണ് കൃത്രിമം കണ്ടെത്തിയത്.

വിഡിയോയില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നറുക്കെടുത്ത കൂപ്പണ്‍ മാറ്റുന്നത് പതിഞ്ഞു. ഇത് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണമാണ് വലിയ ശൃഖംല പൊളിച്ചടുക്കാനായത്.

ഒന്‍പതാമത് യാ ഹാല നറുക്കെടുപ്പ് ഏപ്രില്‍ 5 ന്

നറുക്കെടുപ്പിലെ ക്യത്രിമത്തെ തുടര്‍ന്ന് മാറ്റിവച്ച ഒന്‍പതാമത് യാ ഹാല റാഫിള്‍ ഡ്രോ അടുത്തമാസം 5 ന് നടക്കുമെന്ന് റാഫിള്‍ ആന്‍ഡ് പ്രമോഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍ മരാഗി അറിയിച്ചു.