24
Sep 2025
Sat
24 Sep 2025 Sat
large sardine

ലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില കുത്തനെ കൂടി. അപൂര്‍വമായി മാത്രമാണ് ബോട്ടുകാര്‍ക്ക് മത്തി ലഭിക്കുന്നത്. പിടിക്കാന്‍ വിലക്കുള്ള കുഞ്ഞന്‍ മത്തിയാണെങ്കില്‍ വിപണിയില്‍ സുലഭവുമാണ്. ലഭ്യത കൂടിയതോടെ അയക്കൂറയ്ക്കും ആവോലിക്കും വില കുറഞ്ഞിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. 260 രൂപയോളമാണ് വിപണിയില്‍ മത്തിയുടെ വില. ലഭ്യത കുറഞ്ഞതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

എന്നാല്‍, കുഞ്ഞന്‍ മത്തി യഥേഷ്ടം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് വിപണിയില്‍ ഇവ വിറ്റഴിക്കുന്നത്. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപയായിരുന്നു വില.

ALSO READ: ഖസ്സാമിന്റെ കെണിയില്‍ വീണ് മെര്‍ക്കാവ ടാങ്കുകള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

വലയില്‍ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കുഞ്ഞന്‍മത്തികളെ വിപണിയിലെത്തിക്കുന്നത്.

10 സെന്റിമീറ്ററില്‍ താഴെയുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് കുഞ്ഞന്‍മത്തി പിടികൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അയക്കൂറയും ആവോലിയും ഇപ്പോള്‍ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്തിയേക്കാള്‍ വില കുറവാണ്. 200 മുതല്‍ 280 രൂപവരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്‍പനവില. മലപ്പുറം പൊന്നാനിയില്‍ കഴിഞ്ഞദിവസം 200 രൂപയ്ക്കാണ് അയക്കൂറയും ആവോലിയും വില്‍പന നടത്തിയിരുന്നത്. യഥേഷ്ടം ലഭിക്കുന്നതിനാലാണ് വിലക്കുറവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.