22
Nov 2024
Mon
22 Nov 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) മുംബൈ സിറ്റി FC ക്കെതിരായ എവേ മത്സരത്തിലും പരാജയപ്പെട്ടതോടെ പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് വീണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന കളിയിൽ 4-2നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. സീസണിൽ സ്വന്തം തട്ടകത്തിൽ മുംബൈയുടെ ആദ്യ ജയമാണിത്.

നിക്കോസ് കരെളിസ്(9,55) നിലവിലെ
ചാമ്പ്യന്മാർക്ക് വേണ്ടി ഇരട്ടഗോൾ നേടി. നഥാൻ റോ്ഡ്രിഗസ്(75), ലാലിയൻസുവാല ചാങ്‌തെ (90) എന്നിവരാണ് മറ്റു സ്‌കോറർമാർ.

ബ്ലാസ്‌റ്റേഴ്‌സിനായി ജീസസ് ജെമിനസ്(57), ഘാന താരം ക്വാമി പെപ്ര(71) എന്നിവർ ലക്ഷ്യംകണ്ടു. ഗോൾനേടിയ ശേഷം ജഴ്‌സിയൂരി ആഘോഷിച്ചതിന് പെപ്ര ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. ഇതോടെ അവസാന 20 മിനിറ്റിലധികം പത്തുപേരുമായാണ് ബ്ലാസ്റ്റെഴ്‌സ് പൊരുതിയത്.

അടിയും തിരിച്ചടിയുമായി മുന്നേറിയ മത്സരത്തിൽ ബെംഗളൂരു എഫ്.സിക്കെതിരെയുണ്ടായതിന് സമാനമായ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽവിയിലേക്ക് തള്ളിവിട്ടത്.

ഒൻപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ പിഴവിൽ നിന്നാണ് മുംബൈ ആദ്യ ഗോൾ കണ്ടെത്തിയത്. ചാങ്‌തെ നൽകിയ ക്രോസ് കൃത്യമായി നിക്കോളാസ് കരേലിസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മുംബൈ ലീഡ് രണ്ടാക്കി. കോർണർ കിക്കിൽ നിന്ന് തട്ടിതിരിഞ്ഞ പന്ത് കരേലിസ് ഷോട്ടുതിർക്കവെ പെപ്രയുടെ കൈയിൽ തട്ടിയതിനാണ് പെനാൽറ്റി വിധിച്ചത്. കരേലിസ് അത് അനായാസം വലയിലാക്കി(2-0).

രണ്ട് മിനിറ്റിനകം ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. നോക്സിനുള്ളിൽ പെപ്ര വാൽപുയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജീസസ് ജിമിനസ് ആണ് ഗോളാക്കി മാറ്റിയത്.(2-1)

71ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. നായകൻ അഡ്രിയാൻ ലൂണ ബോക്‌സിലേക്ക് നൽകിയ ക്രോസ് ഹെ്ഡ്ഡറിലൂടെ പെപ്ര മുംബൈ വല കുലുക്കി, 2-2.

പിന്നാലെ പെപ്രക്ക് ചുവപ്പ് കാർഡ്. പിന്നീട് പത്തു പെരുമായി
ബ്ലാസ്‌റ്റേഴ്‌സ് പൊരുതി. അവസരം മുതലെടുത്ത് മുംബൈ സിറ്റി രണ്ട് ഗോളുകൾ കൂടി കണ്ടെത്തി കളി സ്വന്തമാക്കി.

തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമാണ് ടീമിന്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഒമ്പത് പോയിന്റുണ്ട്. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റ് നേടിയ ബംഗളൂരു ആണ് ഒന്നാം സ്ഥാനത്ത്.

Late goals help Mumbai City FC beat Kerala Blasters