തിരുവനന്തപുരം: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സാധാരണയേക്കാള്‍ ശക്തമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിലുള്‍പ്പെടെ സാധാരണയിലും അധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ കാലവര്‍ഷമെത്തുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറത്തിറക്കിയ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
|
കാലവര്‍ഷത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷം പുരോഗമിക്കാനുള്ള അനുകൂല അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവില്‍ കാലവര്‍ഷം വടക്കന്‍ ശ്രീലങ്കവരെയും കന്യാകുമാരി കടല്‍ വരെയും എത്തിയിട്ടുണ്ട്. മാലദ്വീപ്, കന്യാകുമാരി കടലിലെ കൂടുതല്‍ പ്രദേശങ്ങള്‍, ലക്ഷദ്വീപ്, കേരളം, തെക്കുപടിഞ്ഞാറന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്കും കാലവര്‍ഷം പുരോഗമിക്കാനുള്ള അന്തരീക്ഷ സാഹചര്യമാണ് നിലവിലുള്ളതെന്നും വിദഗ്ധര്‍ പറയുന്നു.
അതേസമയം കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. നാളെ മുതല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉള്ളതായും അധികൃതര്‍ അറിയിച്ചു.


