21
Aug 2023
Wed
21 Aug 2023 Wed

മെസ്സിയെ കരുത്തില്‍ ലീഗ്‌സ് കപ്പിന്റെ ഫൈനലിലെത്തി ഇന്റര്‍ മിയാമി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്‌ളോറിഡ: അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കരുത്തില്‍ ഇന്റര്‍ മിയാമി യു.എസ് ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്റര്‍ മിയാമി കലാശക്കളിക്ക് യോഗ്യത നേടിയത്. ഇതാദ്യമായാണ് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിലെത്തുന്നത്.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി 20ാം മിനിറ്റില്‍ ഗോളടിക്കുകയും ചെയ്തു. ഗ്രൗണ്ടിനെ തൊട്ടുള്ള മെസ്സിയുടെ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലത്തേമൂലയില്‍ പതിക്കുകയായിരുന്നു. മയാമിയ്ക്കായി ആറുമത്സരങ്ങല്‍ നിന്നായി മെസ്സി നേടുന്ന ഒന്‍പതാം ഗോളാണിത്. ജോസഫ് മാര്‍ട്ടിനെസ്, ജോര്‍ഡി ആല്‍ബ, ഡേവിഡ് റൂയിസ് എന്നിവരും ഇന്റര്‍ മയാമിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. അലെക്‌സാന്‍ഡ്രോ ബെഡോയയാണ് ഫിലാഡല്‍ഫിയയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസിലൂടെ ഇന്റര്‍ മിയാമി ലീഡെടുത്തു. മെസ്സിയുടെ ഗോളോടെ ലീഡ് രണ്ടായി. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ജോര്‍ഡി ആല്‍ബ മയാമിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 73ാം മിനിറ്റില്‍ ബെഡോയ ഒരു ഗോള്‍ ഫിലാഡല്‍ഫിയയ്ക്ക് വേണ്ടി തിരിച്ചടിച്ചെങ്കിലും 84ാം മിനിറ്റില്‍ റൂയിസിലൂടെ ഇന്റര്‍മയാമി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ഫൈനലില്‍ മോണ്ടെറിയോ നാഷ്‌വില്ലെയോ ആണ് മിയാമിയുടെ എതിരാളി. ഫൈനലിലെത്തിയതോടെ ഇന്റര്‍ മിയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മിയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്. മെസ്സി ടീമിലെത്തിയ ശേഷം ഇന്റര്‍ മയാമി പരാജയമറിഞ്ഞിട്ടില്ല.