പന്തുരുളാന്‍ രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ 2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇക്കുറിയും സ്‌കലോണിയുടെ സംഘത്തിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
|
ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ നെടുംതൂണ്‍. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ഫ്രാന്‍സിനെതിരായ ഫൈനലില്‍ ഇരട്ടഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. മുന്നേറ്റങ്ങളെ മെസ്സി നയിക്കുമ്പോള്‍ സ്ട്രൈക്കര്‍മാരായി യുവതാരം ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമുണ്ട്. തിയാഗോ അല്‍മാഡ, നിക്കോളാസ് പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. പൗലോ ഡിബാല ടീമിലില്ലെന്നത് ശ്രദ്ധേയമാണ്.
മധ്യനിരയുടെ കരുത്ത്
ശക്തമായ മധ്യനിരയാണ് അര്‍ജന്റീനയുടേത്. കഴിഞ്ഞ ലോകകപ്പില്‍ തിളങ്ങിയ ലിയാന്‍ഡ്രോ പാരഡെസ്, റോഡ്രിഗോ ഡിപോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്‍, ജിയോവാനി ലോ സെല്‍സോ എന്നിവരെയെല്ലാം സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവതാരം വാലന്റീന്‍ ബാര്‍കോയും ടീമിലുണ്ട്.
അതേസമയം ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റയല്‍ മഡ്രിഡിന്റെ യുവതാരം ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് നറുക്ക് വീണില്ല. ക്രിസ്റ്റിയന്‍ റൊമേറോ, ഗോണ്‍സാലോ മൊണ്‍ടിയേല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നിക്കോളാസ് ഒട്ടാമെന്‍ഡി തുടങ്ങിയവരാണ് പ്രതിരോധക്കോട്ട കാക്കുന്നത്. കഴിഞ്ഞ ടൂര്‍ണമെന്റിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസ് തന്നെയാകും ഗോള്‍വല കാക്കുക.
ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം മെസ്സിയുടെയും എമിലിയാനോയുടെയും പരിക്ക് ടീമിന് ചെറിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അര്‍ജന്റീന. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍.
അര്‍ജന്റീന ടീം
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോണിമോ റുള്ളി, ജുവാന്‍ മൂസ്സോ
പ്രതിരോധനിര: ലിയാന്‍ഡ്രോ ബാലേര്‍ഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോണ്‍സാലോ മൊണ്ടിയല്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ഫക്കൂണ്ടോ മെദീന, നവല്‍ മൊളീന
മധ്യനിര: ലിയാന്‍ഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, വാലന്റൈന്‍ ബാര്‍ക്കോ, ജിയോവാനി ലോ സെല്‍സോ, എസക്വെല്‍ പാലാസിയോസ്, അലക്‌സിസ് മക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്
മുന്നേറ്റനിര: ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസ്സി, നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗട്ടാറോ മാര്‍ട്ടിനെസ്, ജോസ് മാനുവല്‍ ലോപസ്
Lionel Scaloni officially names the 26-man Argentina squad

