2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലുള്ള വ്യത്യാസം പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്(എഡിആര്‍). (Lok Sabha Elections; Difference in votes in all 538 constituencies ) 362 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവാണ് എണ്ണിയ വോട്ടുകളുടെ എണ്ണം. മൊത്തം 5,54,598 വോട്ടുകളുടെ കുറവാണുള്ളത്.
|
176 മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകള്‍ യഥാര്‍ത്ഥ വോട്ടുകളേക്കാള്‍ കൂടുതലാണ്. 35,093 വോട്ടുകളാണ് അധികം. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കൗണ്ടിങ് കണക്കുകളും താരതമ്യം ചെയ്താണ് എഡിആര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്.
538 മണ്ഡലങ്ങളിലും വോട്ടുകളില്‍ വ്യത്യാസമുണ്ട്. അംറേലി, ആറ്റിങ്ങല്‍, ലക്ഷദ്വീപ്, ദാദ്ര നഗര്‍ ഹവേലി, സൂറത്ത് എന്നിവയൊഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും വോട്ട് വ്യത്യാസമുണ്ട്.
അന്തിമവും കൃത്യവുമായ വോട്ട് കൗണ്ട് വിവരങ്ങള്‍ പുറത്തുവിടും മുമ്പ് ഫലപ്രഖ്യാപനം നടത്തിയത് എന്ത് കൊണ്ട് എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടില്ല. വോട്ടിങ് യന്ത്രത്തിലെ വോട്ട് വ്യത്യാസം, യഥാര്‍ത്ഥത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം പ്രഖ്യാപിക്കാതിരിക്കല്‍, വോട്ട് വിവരങ്ങള്‍ പുറത്തുവിടുന്നതിലെ അസാധാരണ വൈകല്‍, വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ പിന്‍വലിച്ച സംഭവം തുടങ്ങിയവയെല്ലാം ആശങ്കാജനകമാണെന്ന് എഡിആര്‍ റിപോര്‍ട്ടില്‍ പറയുന്നു.
വോട്ടര്‍മാരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് എല്ലാ പോളിങ് സ്‌റ്റേഷനുകളിലെയും ഫോം 17സി പാര്‍ട്ട്-1(രേഖപ്പെടുത്തിയ വോട്ടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ആധികാരിക രേഖ) പോളിങ് കഴിഞ്ഞ് 48 മണിക്കൂറിനകം സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് എഡിആര്‍ നിര്‍ദേശിച്ചു. അന്തിമ ഫലം പുറത്തുവിടും മുമ്പ് വോട്ട് വിവരങ്ങള്‍ പൊരുത്തപ്പെടുന്നുണ്ടോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണം. വോട്ടെണ്ണിയ ശേഷം ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ വിവരങ്ങള്‍ അടങ്ങിയ ഫോം 17സി-പാര്‍ട്ട് 2ഉം സ്‌കാന്‍ ചെയ്ത് പ്രസിദ്ധീകരിക്കണമെന്നും എഡിആര്‍ ആവശ്യപ്പെട്ടു.
ജൂലൈ 22ന് മഹാരാഷ്ട്രയിലെ വോട്ട് ഫോര്‍ ഡമോക്രസി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആദ്യ കണക്കുകളും അന്തിമ കണക്കുകളും തമ്മില്‍ 4.65 കോടി വോട്ടുകളുടെ വ്യത്യാസം വന്നതായി വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 15 സംസ്ഥാനങ്ങളിലെ 76 സീറ്റുകളില്‍ നേട്ടമുണ്ടാക്കിയിരിക്കാം എന്നും റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





