ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തിലും നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കുള്ള വിശ്വാസം സംരക്ഷിക്കുമെന്ന് ഭരണഘടനാ സ്ഥാപനങ്ങളും അതിന്റെ ചുമതല വഹിക്കുന്നവരും ഉറപ്പ് വരുത്തണമെന്ന് നൂറിലേറെ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. (Loksabha election 2024: Former Civil Servants Issue Appeal on Fair Poll Outcome) ജൂണ്‍ 1ന് അവസാന ഘട്ട വോട്ടെടുപ്പും തുടര്‍ന്ന് വോട്ടെണ്ണലും നടക്കാനിരിക്കേയാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ കണ്ടക്ട് ഗ്രൂപ്പ്(സിസിജി) തങ്ങളുടെ ആശങ്കയും പ്രതീക്ഷയും പങ്കുവച്ചു കൊണ്ടുള്ള ആഹ്വാനം പുറപ്പെടുവിച്ചത്.
|
”എല്ലാ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇവിഎം മെഷീനുകളുടെ സുരക്ഷിതമായ സൂക്ഷിപ്പ് ഉറപ്പ് വരുത്തണം. ഫലപ്രഖ്യാപനം യാതൊരു കാലതാമസവുമില്ലാതെ സൂതാര്യമായ രീതിയില്‍ നടത്തുന്ന കാര്യം റിട്ടേണിങ് ഓഫിസര്‍മാര്‍ ഉറപ്പ് വരുത്തണം”- സിസിജി പുറത്തു വിട്ട പരസ്യമായ കത്തില്‍ ആവശ്യപ്പെട്ടു. വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സേവനമനുഷ്ടിച്ചവരും രാഷ്ട്രീയ ബന്ധമില്ലാത്തവരുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് സിസിജി.
തൂക്ക് പാര്‍ലമെന്റ് വരികയാണെങ്കില്‍ എല്ലാ ഉത്തരവാദിത്തവും രാഷ്ട്രപതിയുടെ ചുമലിലാണെന്ന കാര്യം അവര്‍ ഓര്‍മിപ്പിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ആദ്യം ക്ഷണിക്കുമെന്നും കുതിരക്കച്ചവടം ഒഴിവാക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തുമെന്നും സിസിജി പ്രതീക്ഷ പ്രകടിപ്പിച്ചു.
2024ലെ പൊതു തിരഞ്ഞെടുപ്പില്‍ പല ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പക്ഷപാതത്തെക്കുറിച്ച് ആശങ്ക ഉയര്‍ന്ന കാര്യം സംഘടന ചൂണ്ടിക്കാട്ടി. ഇവിഎമ്മില്‍ തിരിമറി നടത്താനുള്ള സാധ്യത, ഒരാള്‍ തന്നെ പലര്‍ക്കും വേണ്ടി വോട്ട് ചെയ്ത സംഭവം, ദുര്‍ബല ജനവിഭാഗങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത്, ഓരോ മണ്ഡലത്തിലും ചെയ്ത വോട്ടുകളുടെ കൃത്യമായ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്താത്തത്, ഭരിക്കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി സ്വീകരിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ സിസിജി പ്രസ്താവനയില്‍ എടുത്ത് പറയുന്നു.
സംഘടനകളും വ്യക്തികളും നിയമലംഘനങ്ങളെകുറിച്ച പല തവണ പരാതിപ്പെട്ടിട്ടും, ഇതുവരെയുള്ള ഒരു തിരഞ്ഞെടുപ്പ് കമ്മീഷനും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഇത്രമാത്രം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ഇനിയെങ്കിലും അത്തരം വീഴ്ച്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.





