ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 93 മണ്ഡലങ്ങള്‍ വിധിയെഴുതും. പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 1300 ലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുഉള്ളത്. ( loksabha election 2024 thrid phace updates )
|
ഗുജറാത്ത്, കര്‍ണാടക, സംസ്ഥാനങ്ങളാണ് മൂന്നാംഘട്ടത്തിലെ ശ്രദ്ധകേന്ദ്രങ്ങള്‍. ഗുജറാത്തിലെ 25 സീറ്റുകള്‍, കര്‍ണാടകയില്‍ ബാക്കിയുള്ള 14 സീറ്റുകള്‍, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10, അസം – 4, ഛത്തീസ്ഗഡ് -7, ബിഹാര്‍ അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള്‍ നാല്, ഗോവ, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, എന്നിവരെ കൂടാതെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ്ജ് സിംഗ് ചൗഹാന്‍, എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം തുടങ്ങിയവരാണ് മൂന്ന് ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
കര്‍ണാടക കോണ്‍ഗ്രസ് തൂത്തു വാരും
ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര കര്‍ണാടകയിലെ മിക്ക സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് പ്രചവനം.
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റില്‍ കോണ്‍ഗ്രസിന് 13 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ‘ഈദിന’ ന്യൂസ് പോര്‍ട്ടല്‍ പ്രവചിച്ചിട്ടുള്ളത്. 2023ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 132നും 140നും ഇടയ്ക്ക് സീറ്റുകള്‍ ലഭിക്കുമെന്ന് ‘ഈദിന’ സര്‍വേ നടത്തി കൃത്യമായി പ്രവചിച്ചിരുന്നു. ഉത്തര കര്‍ണാടകയിലെ മൂന്നോ നാലോ സീറ്റുകളൊഴിച്ച് ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും ഈ ദിന എഡിറ്റര്‍ ഡോ. എച്ച് ഡി വാസു പറഞ്ഞു.
മൂന്നാംഘട്ടം കഴിയുന്നതോടെ ആകെയുള്ള 543 സീറ്റുകളില്‍ 283 സീറ്റുകളിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
അതിനിടെ കര്‍ണാടക ബിജെപിയുടെ ‘എക്സ്’ അക്കൗണ്ടില്‍ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കര്‍ണാടക പൊലീസാണ് നദ്ദക്കും സംസ്ഥാനാധ്യക്ഷന്‍ വിജയേന്ദ്രയ്ക്കും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രേവണ്ണ വിവാദം കാര്യമായി ബാധിക്കില്ല
പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാരോപണ കേസ് കര്‍ണാടകയില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളില്‍ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇതിനകം ആളുകള്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ടെന്നതാണ് അതിന് വലിയൊരു കാരണം. മറ്റൊന്ന്, പ്രജ്വല്‍ ജനതാദള്‍ (എസ്) സ്ഥാനാര്‍ഥിയാണ്. ദക്ഷിണ കര്‍ണാടകയാണ് പാര്‍ട്ടിക്ക് ആധിപത്യമുള്ള ഇടം. ജനതാദള്‍ (എസ്) മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ച അവിടെ പോളിങ് ഇതിനകം കഴിഞ്ഞു.





