27
Nov 2024
Wed
27 Nov 2024 Wed

തൃശൂര്‍: അഞ്ചുപേരുടെ മരണത്തിന് കാരണമായ നാട്ടിക ലോറി അപകടത്തിന് കാരണം മദ്യലഹരിയില്‍ മയങ്ങിപ്പോയതാണെന്ന് സമ്മതിച്ച് ലോറിയുടെ ക്ലീനര്‍ അലക്‌സ്. ‘വണ്ടിയോടിക്കുന്നതിനിടെ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ ഉടന്‍ വെട്ടിച്ചു. നിലവിളി കേട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു..’ എന്നാണ് അലക്‌സ് മൊഴി നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടു. മാഹിയില്‍നിന്നാണ് മദ്യം വാങ്ങിയത്. യാത്രയ്ക്കിടയില്‍ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവര്‍ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് അലക്‌സ് വണ്ടിയോടിച്ചതെന്നുമാണ് മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ദേശീയപാത നിര്‍മാണത്തിനായി നാട്ടിക ജംഗ്ഷനില്‍ വെച്ചിട്ടുള്ള ഡിവൈഡര്‍ ഇടിച്ചു തകര്‍ത്ത് നിര്‍മാണം നടക്കുന്ന റോഡിലേക്ക് വാഹനം കയറുകയായിരുന്നു. അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നോടാടി കുടുംബങ്ങള്‍ ആണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാരി (20), ജീവന്‍ (4), വിശ്വ (1) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന്‍ (27), ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദേവേന്ദ്രന്റെയും ചിത്രയുടെയും പരിക്കുകള്‍ ഗുരുതരം ആണെങ്കിലും ആരോഗ്യ അവസ്ഥയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

അപകടം നടന്ന 400 മീറ്ററില്‍ അധികം ദൂരം ക്ലീനര്‍ വാഹനം ഓടിച്ചു കൊണ്ടുപോയി. വഴി അവസാനിച്ചതോടെയാണ് മറ്റു മാര്‍ഗങ്ങളില്ലാതെ വണ്ടി നിര്‍ത്തിയത്.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ രണ്ടു ദിവസത്തിനകം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ലോറിയുടെ ഡ്രൈവര്‍ കണ്ണൂര്‍ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനര്‍ അലക്‌സ് എന്നിവരെ ഇന്നലെ രാത്രി കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മനപ്പൂര്‍വമായ നരഹത്യ, മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വേഗത്തില്‍ തന്നെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി സംഭവത്തില്‍ വിശദമായ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ റജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്.

Lorry cleaner says drunk driving was the cause of the accident