21 വർഷം മുമ്പ് കളഞ്ഞുപോയ മൂന്നര പവന്റെ സ്വർണമാല പുതിയ രൂപത്തിൽ തിരികെ കിട്ടിയ സന്തോഷത്തിൽ വീട്ടമ്മ. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്താണു സംഭവം.
|
പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവൻറെ മാലയാണ് 21 വർഷം മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതെ പോവുന്നത്. അന്ന് മാല കണ്ടെത്താൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഏറെക്കുറെ മാലയേക്കുറിച്ച് മറന്നിരിക്കെ വീട്ടിലേക്ക് ഒരു ഫോൺ കോൾ എത്തുകയായിരുന്നു.
സമീപത്തെ കടയിൽ വീട്ടിലേക്കുള്ള ഒരു കൊറിയർ എത്തിയെന്നായിരുന്നു അത്. ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ നമ്പറിലേക്ക് ആയിരുന്നു ഫോൺവിളി എത്തിയത്. വീട്ടുകാർ ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന ധാരണയിൽ പാഴ്സൽ തുറന്നപ്പോഴാണ് ഖദീജ ഒരു മാലയും ഒപ്പമൊരു കുറിപ്പും കാണുന്നത്.
വർഷങ്ങൾക്ക് മുൻപ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ഒരു സ്വർണാഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ എന്റെ പ്രത്യേക സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്തേണ്ടി വന്നു. ഇന്ന് ഞാൻ അതിന്റെ പേരിൽ വല്ലാതെ ദുഖിതനാണ്. ആയതിനാൽ എഴുത്തിനോട് കൂടെ അതിനോട് സമാനമായ ഒരു ആഭരണം വച്ചിട്ടുണ്ട്. ഇത് താങ്കൾ സന്തോഷത്തോടെ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം. താങ്കളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് വിനയത്തോടെ അഭ്യർഥിക്കുന്നുവെന്നായിരുന്നു ആ കുറിപ്പ്.
ലഭിച്ച മാല പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് സ്ഥിരീകരിച്ചു. മാല അയച്ചുനൽകിയ അജ്ഞാതനെ അന്വേഷിച്ച് പോകാൻ താൽപര്യമില്ലെന്നും കൈപ്പിഴ തിരുത്തിയതിന് ബഹുമാനിക്കുന്നുവെന്നുമാണ് ഖദീജയുടെ കുടുംബം ഇതിനോട് പ്രതികരിച്ചത്.


