|
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നാലു വയസ്സുകാരിയെ ബലാത്സംഗംചെയ്തയാളെ പിടിക്കുന്നതിനിടെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി സംസ്ഥാന പോലീസിലെ താരമായി മാറിയിരിക്കുകയാണ സബ് ഇന്‍സ്‌പെക്ടര്‍ (SI) സക്കീന ഖാന്‍. പ്രതി കമല്‍ കിഷോര്‍ എന്ന ഭദ്ദാറിനെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സക്കീന ഖാന്‍ വെടിവച്ചു കീഴ്‌പ്പെടുത്തിയത്. മടേയ്ഗാഞ്ച് ഏരിയയില്‍ മേയ് 28ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
മടേയ്ഗാഞ്ച് ഏരിയയില്‍ പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സക്കീന ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ പ്രതി സംഘത്തിന് നേര്‍ക്ക് കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.
തിരിച്ച് നടത്തിയ ആക്രമണത്തില്‍ എസ്‌ഐ സക്കീന ഖാന്‍ വച്ച വെടിയില്‍ കിഷോറിന് പരിക്കേറ്റു. പിന്നാലെ നിലത്തുവീണ കമാല്‍ കിഷോറിനെ അറസ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് സക്കീന ഖാന്‍ കൗണ്‍സലിങ് നല്‍കിയിരുന്നു. കമല്‍ കിഷോറിനെതിരെ നേരത്തെയും നിരവധി ക്രമിനില്‍ കേസുകള്‍ നിലവിലുണ്ട്.
ഏറ്റുമുട്ടല്‍ ഔദ്യോഗികമായി പോലീസ് രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി എസ്‌ഐ ഖാന്റെ ധീരമായ പ്രവര്‍ത്തനങ്ങളും കേസ് രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തി. പ്രതിയില്‍ നിന്ന് ഒരു പിസ്റ്റള്‍, വെടിയുണ്ടകള്‍, ഷെല്ലുകള്‍, ഒരു ബൈക്ക് എന്നിവ പോലീസ് കണ്ടെടുത്തു.
കമല്‍ കിഷോറിന് കാര്യമായ ക്രിമിനല്‍ ചരിത്രമുണ്ടെന്ന് ലഖ്‌നൗ സെന്‍ട്രല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ആശിഷ് ശ്രീവാസ്തവ സ്ഥിരീകരിച്ചു.
കുട്ടികളെ മധുരപലഹാരങ്ങള്‍ നല്‍കി വശീകരിച്ച് തന്റെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതുള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
Lucknow Encounter: Woman Sub-Inspector Sakina Khan Shoots Man Accused of Raping Minor


