ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുകയാണ് ലിവര്‍പൂള്‍. ആകെ ഒന്‍പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പറിനെ മൂന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കീഴടക്കിയത്. സൂപ്പര്‍ താരം മുഹമ്മദ് സലാഹും(54, 61) ലൂയിസ് ഡയസും(23, 85) ഇരട്ടഗോള്‍ നേടി. മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) എന്നിവരാണ് ചെമ്പടയുടെ മറ്റ് സ്‌കോറര്‍മാര്‍.
|
ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവരാണ് ടോട്ടനത്തിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. വിജയത്തോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിനിര്‍ത്താനും ലിവര്‍പൂളിനായി.
Get in 💪🔴 #TOTLIV pic.twitter.com/abECvx8l3V
— Liverpool FC (@LFC) December 22, 2024
16 മത്സരങ്ങളില്‍നിന്ന് 39 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. 17 മത്സരങ്ങളില്‍നിന്ന് 35 പോയിന്റുള്ള ചെല്‍സി രണ്ടാമതും 33 പോയിന്റോടെ ആഴ്‌സണല്‍ മൂന്നാമതും ആണ്. 23 പോയിന്റുള്ള ടോട്ടനം പതിനൊന്നാം സ്ഥാനത്താണ്.
ഇന്നലെ രണ്ട് ഗോളിനൊപ്പം സലാഹ് രണ്ട് അസിസ്റ്റുകളും സ്വന്തം പേരിലെഴുതി. ഇതോടെ ഈ സീസണില്‍ ഗോളിലും അസിസ്റ്റിലും താരം രണ്ടക്ക സംഖ്യ കടന്നു. നിലവില്‍ ലീഗില്‍ 15 ഗോളുകളോടെ ടോപ് സ്‌കോറര്‍ ആണ് സലാഹ്. 11 അസിസ്റ്റുകള്‍ നേടിയ സലാഹ് തന്നെയാണ് കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരവും.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.
മറ്റൊരു കളിയില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു.
Luis Diaz and Salah scored twice as Liverpool demolish Spurs


