03
Jan 2024
Sun
03 Jan 2024 Sun

​ഭാര്യയെ കടലിൽ മുക്കിക്കൊന്ന ശേഷം അപകടമരണമെന്ന് വരുത്തിത്തീർത്ത ആഡംബര ഹോട്ടൽ മാനേജരായ 29കാരൻ പിടിയിലായി. ​സൗത്ത് ​ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ​ഗൗരവ് കത്തിയാർ ആണ് ഭാര്യ ദിക്ഷ ​ഗം​ഗ് വാറി(27)നെ കടലിൽ മുക്കിക്കൊന്നത്. ​ഗോവയിലെ കാബേ ഡേ റമ ബീച്ചിൽ ഭാര്യ മുങ്ങിമരിച്ചുവെന്ന് ഇയാൾ എല്ലാവരെയും അറിയിച്ചെങ്കിലും മറ്റൊരാൾ പകർത്തിയ വീഡിയോ ​ഗൗരവ് കത്തിയാറിന്റെ കള്ളം പൊളിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വർഷം മുമ്പാണ് ​ദിക്ഷയെ ​ഗൗരവ് വിവാഹം കഴിച്ചത്. എന്നാൽ ​ഗൗരവിന് വിവാഹത്തിന് മുമ്പ് തന്നെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെ ​ഗൗരവ് ഭാര്യയെ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പാറക്കൂട്ടങ്ങൾ ഉള്ള ഇടത്തെത്തിച്ച ശേഷം ദിക്ഷയെ മുക്കിക്കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ഇയാൾ പൊലീസിനെ വിളിച്ച് ഭാര്യ കടലിൽ മുങ്ങിമരിച്ചുവെന്ന് അറിയിച്ചു.

എന്നാൽ സംശയം തോന്നിയ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രദേശവാസി എടുത്ത വീഡിയോയിൽ ​ഗൗരവ് ബീച്ചിൽ നിന്ന് വന്ന ശേഷം വീണ്ടും തിരികെ പോവുന്നതും മടങ്ങിവരുന്നതും കണ്ടെത്തി. രണ്ടാം തവണ ഭാര്യയുടെ അരികിലെത്തി മരണം ഉറപ്പിക്കാനായിരുന്നു ​ഗൗരവ് പോയതെന്ന് ഇതോടെ വ്യക്തമായി. തുടർന്ന് പൊലീസ് ​ഗൗരവിനെ വിശദമായി ചോദ്യം ചെയ്യുകയും ഇയാൾ കുറ്റസമ്മതം നടത്തുകയുമായിരുന്നു. വിവാഹേതര ബന്ധം ഭാര്യ ചോദ്യം ചെയ്തതിനാലാണ് കൊലപാതകം നടത്തിയതെന്നു പ്രതി പറഞ്ഞു. ​ഗൗരവും ദിക്ഷയും ലഖ്നൗ സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക