23
Mar 2025
Sat
23 Mar 2025 Sat
MA Yusfali settled Mary's bank debt to avoid attachment

കടബാധ്യത മൂലം ജപ്തി ഭീഷണി നേരിട്ട വയോധികയ്ക്ക് സഹായഹസ്തമേകി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആലുവ ശ്രീമൂല നഗരം തെറ്റയില്‍ വീട്ടില്‍ മേരിയാണ് ബാങ്കിന്റെ ജപ്തിഭീഷണി നേരിട്ടത്. കടബാധ്യത ഏറ്റെടുത്ത എം എ യൂസഫലി വീടിന്റെ പ്രമാണം ബാങ്കില്‍ നിന്ന് തിരികെ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2012ല്‍ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുമ്പോള്‍ മേരിയെ വാഹനം ഇടിച്ചിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെയും പോയി. അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയ കാല്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തുന്നേച്ചേര്‍ത്തു. ഇതിനുള്ള ഇതിനുള്ള പണം നാട്ടുകാരാണ് നല്‍കിയത്. ഈ പണം തിരികെ കൊടുക്കാനാണ് മേരിയും വീട്ടുകാരും ബാങ്ക് വായ്പയെടുത്തത്. തിരുവൈരാണിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്താണ് നാട്ടുകാരുടെ പണം തിരികെ നല്‍കിയത്. വാഹനം ഇടിച്ചിട്ടവര്‍ നഷ്ടപരിഹാരം പോലും നല്‍കാതെ ഉന്നത സ്വാധീനത്താല്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക പരാധീനതകള്‍ മൂലം ലോണ്‍ അടവ് മുടങ്ങിയതോടെയാണ് 12 വര്‍ഷത്തിന് ശേഷം സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് എത്തിയത്.

പലിശയടക്കം 2,80000 രൂപ ഫെബ്രുവരി 28നകം അടച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന് മേരിയും കുടുംബവും ഇറങ്ങേണ്ടി വരുമെന്നായിരുന്നു നോട്ടീസ്. ഗത്യന്തരമില്ലാത്ത നിസ്സഹായവസ്ഥയിലായ മേരിയുടെ വാര്‍ത്ത എം.എ യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ ലുലു ഗ്രൂപ്പ് ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു. ലുലു അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ പുറത്ത് ബാങ്ക് തിരിച്ചടവില്‍ ഇളവ് നല്‍കുകയും 1,80000 രൂപ അടയ്ക്കണമെന്ന് അറിയിച്ചു.

തുടര്‍ന്ന് ഈ തുക സഹകരണ ബാങ്കിന് ലുലു അധികൃതര്‍ കൈമാറുകയായിരുന്നു. മുഴുവന്‍ തുകയും തിരിച്ചടച്ച് മേരിയുടെ വീടിന്റെ പ്രമാണം ലുലു ഗ്രൂപ്പ് പ്രതിനിധികളായ എന്‍ ബി സ്വരാജും വി പീതാംബരനും ചേര്‍ന്ന് കൈമാറി. യൂസഫലി സാറിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ലെന്നും എല്ലാ നന്മകളും പ്രാര്‍ത്ഥനകളും അദ്ദേഹത്തിന് ഉണ്ടാകുമെന്നും മേരി പറഞ്ഞു. മേരിയുടെ മകന്‍ രാജേഷും യൂസുഫലിക്ക് നന്ദി പറഞ്ഞു.

ALSO READ: മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്ത സന്ധ്യക്ക് എംഎ യൂസുഫലിയുടെ കൈത്താങ്ങ്; വീടിനൊപ്പം 10 ലക്ഷം രൂപയും