27
Oct 2024
Tue
27 Oct 2024 Tue
MA yusuff ali Sandhya

കൊച്ചി: കടബാധ്യതയില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ വീട്ടമ്മയ്ക്ക് ലുലു ഗ്രൂപ്പിന്റെ കൈത്താങ്.
മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സന്ധ്യയുടെ കടം പൂര്‍ണമായും ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അടച്ചുതീര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് ലക്ഷം രൂപയാണ് ബാധ്യതയുണ്ടായിരുന്നത്. ഇത് മണപ്പുറം ഫിനാന്‍സ് നാല് ലക്ഷമായി കുറച്ചുനല്‍കി. എംഎ യൂസഫ് അലി മണപ്പുറം ഫിനാന്‍സ് എം ഡി വിപി നന്ദകുമാറുമായി സംസാരിച്ചാണ് ഇക്കാര്യത്തില്‍ ധാരണയായത്.

സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ലുലു ഗ്രൂപ്പ് ഇന്നലെ സന്ധ്യക്ക് നല്‍കിയിരുന്നു. ധനകാര്യസ്ഥാപനത്തില്‍ നിന്ന് വീടിന്റെ രേഖകള്‍ ഉടന്‍ സന്ധ്യക്ക് കൈമാറും.

നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയും രണ്ട് മക്കളുമാണ് വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ദുരിതത്തിലായത്. ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം.

2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത്.

2 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവര്‍ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങള്‍ പോലും ഇവര്‍ക്ക് എടുക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്ത വന്നതോടെ പറവൂര്‍ എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.

മണപ്പുറം ഫിനാന്‍സില്‍ അടയ്‌ക്കേണ്ടിയിരുന്ന 8 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഏറ്റെടുത്തു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. കൂടാതെ ഫിക്‌സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യയ്ക്ക് നല്‍കി. ഇന്നലെ രാത്രിയോടെ സന്ധ്യക്ക് വീട് തിരികെ ലഭിച്ചു. സന്ധ്യയുടെ അക്കൗണ്ടിലേക്ക് ഇപ്പോഴും വലുതും ചെറുതുമായ തുകകള്‍ സുമനസ്സുകള്‍ നല്‍കുന്നുണ്ട്.