01
Jul 2023
Mon
01 Jul 2023 Mon

ന്യൂഡല്‍ഹി: നേരത്തെ അവസരം ലഭിച്ചെങ്കിലും അനാരോഗ്യംമൂലം പിതാവിനെ കാണാതെ മടങ്ങേണ്ടിവന്നതിനാല്‍ ജാമ്യത്തില്‍ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി വീണ്ടും സുപ്രിംകോടതിയില്‍. നിലവില്‍ സ്ഥിരംജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് ജാമ്യവ്യവസ്ഥ കാരണം ബംഗളൂരു നഗരം വിടാനാകില്ല. ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കേരളത്തിലെത്തി രോഗിയായ പിതാവിനെ കാണാന്‍ അനുമതി വേണമെന്നാണ് മഅ്ദനിയുടെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഇതേ കാര്യത്തിന് ഇളവ് അനുവദിച്ചെങ്കിലും പിതാവിനെ കാണാന്‍ കഴിയാതിരുന്ന വിവരം മഅ്ദനി സുപ്രിംകോടതിയെ ധരിപ്പിക്കും. കൂടാതെ കേരളത്തിലെത്തിയപ്പോള്‍ സംസ്ഥാന പൊലീസ് സൗജന്യ സുരക്ഷ ഏര്‍പ്പെടുത്തിയ വിവരവും കോടതിയെ അറിയിക്കും. ഹരജി ഇന്ന് തന്നെ എടുക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി പരിഗണിച്ചേക്കും.

അടുത്തിടെ മഅ്ദനി കേരളത്തില്‍ എത്തിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിതാവിനെ കാണാനാകാതെ മടങ്ങുകയായിരുന്നു. രക്തസമ്മര്‍ദവും ക്രിയാറ്റിന്റെ അളവും അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 17നാണ് രോഗിയായ പിതാവിനെ കാണാന്‍ സുപ്രിംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം അനുവദിച്ചത്. അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ യാത്രാ ചെലവിനായി ഭീമന്‍ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളില്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനി നാട്ടിലെത്തിയത്.

ജൂണ്‍ 26ന് വൈകീട്ട് വിമാനമാര്‍ഗമാണ് മഅ്ദനി കൊച്ചിയിലെത്തിയത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ 12 ദിവസത്തെ ഇളവിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയത്. അവിടെനിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യ ഇളവ് ലഭിച്ച 11 ദിവസവും കൊച്ചിയില്‍ ചികിത്സയിലായിരുന്നു മഅ്ദനി.