|
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമിട്ടിരിക്കെ, ആദ്യ പോരാട്ടത്തില്‍ ഗാന്ധി കുടുംബത്തോട് വിയോജിപ്പുള്ള മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23 ചേരിക്ക് വിജയം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസുദന്‍ മിസ്ത്രി ജി 23 ചേരിയുടെ പ്രതിനിധിയായ ശശി തരൂരിനെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തരൂരടക്കമുള്ള അഞ്ച് എം.പിമാര്‍ കത്തയച്ചതിന് പിന്നാലെയാണ് നടപടി.
ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്. ഇവരെ അഭിസംബോധന ചെയ്ത് മിസ്ത്രി എഴുതിയ മറുപടിക്കത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമായാണ് നടത്തുക എന്ന് വ്യക്തമാക്കുന്നു.
മൂന്ന് കാര്യങ്ങളാണ് മറുപടി കത്തില്‍ പറയുന്നത്. ആഗ്രഹിക്കുന്ന ആര്‍ക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാം. പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ പിസിസി ഓഫീസുകളില്‍ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആര് കോഡ് ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡ് ഉള്ളവര്‍ക്കാണ് മത്സരിക്കാനും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാനും കഴിയുക.
നേരത്തെ മുഴുവന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും കീഴിലുള്ള വോട്ടര്‍മാരുടെ പട്ടിക എല്ലാ വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ക്കും വിതരണം ചെയ്യണമെന്നായിരുന്നു തരൂര്‍ അടക്കുള്ളവരുടെ ആവശ്യം.
വോട്ടര്‍ പട്ടിക വിതരണത്തിന് സംവിധാനമൊരുക്കണം, തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമായും സുതാര്യമെന്ന് ഉറപ്പാക്കണം, വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ഞങ്ങളുടെ ആവശ്യത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണ്, എതിരാളികള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ അവസരമൊരുക്കുന്ന പാര്‍ട്ടിയുടെ ഏതെങ്കിലും ആഭ്യന്തരരേഖ പുറത്തുവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
Will issue QR code-based ID cards…’: Madhusudan Mistry on Congress MPs’ letter over party chief polls



