|
2022-2023 അക്കാദമിക വര്‍ഷം എംബിബിഎസ് പാഠ്യഭാഷ ഹിന്ദിയിലാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തിരുമാനിച്ചു. ഈ നടപടിക്കെതിരേ മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ രംഗത്തെത്തി. മെഡിക്കല്‍ മേഖലയില്‍ ഗുണനിലവാരമുളള പുസ്ത്കങ്ങള്‍ ഹിന്ദി ഭാഷയില്‍ ഇല്ലെന്നാണ് വിദഗ്ധരുടെ മുഖ്യവിമര്‍ശനം.
ഭോപാലിലെ ഗാന്ധി മെഡിക്കല്‍ കോളജില്‍ ഹിന്ദി പാഠ്യഭാഷയില്‍ എംബിബിഎസ് ഈ വര്‍ഷം ആരംഭിക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടുത്തിടെ പ്രഖ്യാപിച്ചത്. കൂടാതെ ബിടെക്, പോളിടെക്‌നിക് കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയും ഹിന്ദിയില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രശസ്ത പീഡിയാട്രിഷ്യനും ഡിഎവി സര്‍വകലാശാല മുന്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ ഭരത് ചപ്രവെല്‍ ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ” എംബിബിഎസ് പഠനം ഹിന്ദിയില്‍ ആക്കുന്നതിനെ എതിര്‍ക്കുന്നില്ല പക്ഷെ, ഹിന്ദിയില്‍ കൊളളാവുന്ന പുസ്തകങ്ങള്‍ ലഭ്യമല്ല. മാത്രമല്ല, സര്‍ജറി ഏത് ഭാഷയില്‍ പഠിപ്പിക്കണമെന്ന് പ്രൊഫഷണലുകള്‍ക്ക് വിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.”
ഭോപ്പാലിലെ പ്രശസ്ത ഡോക്ടര്‍ പുഷ്‌പേന്ദ്രയും സര്‍ക്കാറിന്റെ നീക്കത്തെ വിമര്‍ശിച്ചു. ” ഈ ആശയം എളുപ്പം വിജയം കാണില്ല. ഇപ്പോള്‍ മെഡിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന എല്ലാ സാങ്കേതിക പദങ്ങള്‍ക്കും സമാനമായ ഹിന്ദി പദങ്ങള്‍ കണ്ടെത്താന്‍ തന്നെ ഒരുപാട് കാലമെടുക്കും.”



