15
Aug 2024
Wed
15 Aug 2024 Wed
Maharashtra nursery school sexual harassment protest

മുംബൈ: നഴ്സറി വിദ്യാര്‍ഥിനികളെ സ്‌കൂള്‍ ശുചീകരണ തൊഴിലാളി പീഡിപ്പിച്ച സംഭവത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍ വന്‍പ്രതിഷേധം.(Maharashtra: Massive protest against torture of nursery school girls) സ്‌കൂള്‍ തകര്‍ത്ത പ്രധിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കുകയും തീവണ്ടികള്‍ തടയുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുത്ത പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 12 പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 30 പ്രാദേശിക തീവണ്ടികള്‍ ഭാഗീകമായി റദ്ദാക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം കനത്തത്.

നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്നാണ് സംഭവം നടന്ന ബദ്‌ലാപുരിലെ ആദര്‍ശ് വിദ്യാമന്ദിര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബദ്‌ലാപുരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ALSO READ: പ്രവാസികള്‍ക്ക് ഇരുട്ടടി; സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ

അതേസമയം, കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും ഫ്ടാനാവിസ് ഉറപ്പുനല്‍കി. കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

സംഭവത്തില്‍, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സ്‌കൂളിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എഫ്.ഐ.ആര്‍ ഇടുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണം ബോധിപ്പിക്കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

ആഗസ്ത് 12, 13 തിയ്യതികളിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്‌കൂളിലെ 23-കാരനായ ശുചീകരണ തൊഴിലാളി പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍വെച്ച് നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. തുടര്‍ന്ന്, പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിഷേധം കനത്തു.

സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് ക്ലാസ് ടീച്ചറിനെ പിരിച്ചുവിടുകയും പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍, കേസ് ഒതിക്കിതീര്‍ക്കാന്‍ പോലീസും സ്‌കൂള്‍ മാനേജ്‌മെന്റും ഒത്തുകളിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കളുടെ പ്രതിഷേധം. അധികൃതര്‍ ഔദ്യോഗികമായി മാപ്പ് പറയാത്തതും പ്രകോപനത്തിനിടയാക്കി.