- മഹറൂഫ് പനമരം
വയനാട് ബാണാസുര സാഗര്‍ ഡാം ഇന്ന് തുറന്നു. ആദ്യഘട്ടത്തില്‍ ഒരു ഷട്ടര്‍ പത്തു സെന്റീമീറ്ററാണ് തുറന്നത്. (Malampuzha Banasura dam opnes)കാരമന്‍ തോട്, പനംമരം പുഴയുടെ ഇരുവശം താമസിക്കുന്നവര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
|
ഡാം തുറന്നതിനെ തുടര്‍ന്ന് കബനിയിലും സമീപപ്രദേശങ്ങളിലും വെള്ളം ഉയര്‍ന്നു. ബാണാസുര സാഗര്‍ ഡാമിലെ സ്പില്‍വെ ഷട്ടറില്‍ നിന്നും 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയാണ് ജലം ഒഴുക്കുന്നത്. സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വെള്ളമാണ് ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.
വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയത്ത് യാതൊരു കാരണവശാലും അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയില്ല.
ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംഗ് സെന്ററിലേ 1077 ല്‍ വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു
പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്.
നിലവില്‍ 111.24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ്. 115.06 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ കഴിയും. ഡാം തുറന്നതിന് പിന്നാലെ കല്‍പാത്തി,ഭാരതപ്പുഴ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഞ്ഞീരപ്പുഴ , മംഗലം ഡാം , മീങ്കര ഡാം, ശിരുവാണി ഡാം എന്നിവയുടെ ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്.
അതേസമയം, ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134.60 അടിയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





