25
Sep 2024
Sun
25 Sep 2024 Sun
Malappuram East tops in SSF Kerala Sahityolsavam

മഞ്ചേരി: 31ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് മഞ്ചേരിയിൽ സമാപിച്ചപ്പോൾ ആതിഥേയരായ മലപ്പുറം ഈസ്റ്റ് ജില്ല ജേതാക്കളായി. 861 പോയിന്റ് നേടിയാണ് മലപ്പുറം ഈസ്റ്റ് കിരീടം നേടിയെടുത്തത്. 826 പോയിന്റോടെ കോഴിക്കോട് ജില്ല രണ്ടാമതും 783 പോയിന്റ് നേടി മലപ്പുറം വെസ്റ്റ് മൂന്നാമതുമെത്തി. മലപ്പുറം ഈസ്റ്റിലെ മുഹമ്മദ് ഇബ്‌റാഹീം അർശാദും കണ്ണൂർ ജില്ലയിലെ മുഹമ്മദ് എ പിയും കലാപ്രതിഭാ പട്ടം പങ്കിട്ടു. മലപ്പുറം ഈസ്റ്റ് ജില്ലയിലെ അൻശിദ ഷെറിൻ സർഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകിട്ടു നടന്ന സമാപന സംഗമം കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേരളം എന്ന ബ്രാൻഡ് ഐഡന്റിറ്റി മൗലികമായി നവീകരിക്കാൻ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തലമുറക്ക് അന്താരാഷ്ട്ര പൗരന്മാരായി വളരാൻ സൗകര്യം ഒരുക്കണം. പഠനത്തിനും പരിശീലനത്തിനുമായി പുറം നാടുകളെ ആശ്രയിക്കേണ്ടി വരുന്നത് ഗുണകരമല്ല. പുതു തലമുറയുടെ സാംസ്‌കാരിക വികസനത്തിന് കൂടുതൽ മൂലധന നിക്ഷേപം വേണം. യുവാക്കളുടെ ഉത്ഥാനത്തിന് സാംസ്‌കാരിക മൂലധനമാണ് കരുതി വയ്ക്കേണ്ടത്. മാനവ വിഭവ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയാലേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ ജേതാക്കളെ അനുമോദിച്ച് വീഡിയോ സന്ദേശത്തിൽ സംസാരിച്ചു. ഹംസ മുസ്്‌ലിയാർ മഞ്ഞപ്പറ്റ, അബൂഹനീഫൽ ഫൈസി തെന്നല, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സി പി ഉബൈദുല്ല സഖാഫി, അശ്‌റഫ് പാണ്ഡ്യാൽ സംസാരിച്ചു. സയ്യിദ് ഹൈദ്‌റൂസ് മുത്തുക്കോയ തങ്ങൾ, ശറഫുദ്ദീൻ ജമലുല്ലൈലി, അലവി സഖാഫി കൊളത്തൂർ, കെ വൈ നിസാമുദ്ദീൻ ഫാളിലി, സംബന്ധിച്ചു. ഡോ. അബൂബക്കർ സ്വാഗതവും ശബീർ അലി സി കെ നന്ദിയും പറഞ്ഞു. ഇന്നലെ നടന്ന വിവിധ സെഷനുകളിൽ ആലങ്കോട് ലീലാകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ദാമോദർ പ്രസാദ്, മജീദ് സെയ്ദ്, കെ നുഐമാൻ, മുസ്തഫ പി എറയ്ക്കൽ സംസാരിച്ചു.

വിവിധ കാംപസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സാഹിത്യ പരിശീലന ക്യാംപ് ഇന്നലെ സമാപിച്ചു. കൂടാതെ, വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ ഓഫറോടെ വിൽപ്പനയ്ക്കെത്തിച്ച ‘പുസ്തകലോകം’, ഉന്നത പഠന മാർഗനിർദേശങ്ങൾ നൽകാനായി ‘എജ്യൂസൈൻ’ പവലിയൻ എന്നിവയും സാഹിത്യോത്സവ് നഗരിയിൽ സംവിധാനിച്ചിരുന്നു. അതോടൊപ്പം, ഐ പി ബി പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനവും സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്നു.