21
Sep 2024
Tue
21 Sep 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഹിമാചൽ പ്രദേശ് സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി മലയാളി. മലപ്പുറം കൽപകഞ്ചേരി സ്വദേശി ഇർഷാദ് ആണ് ദേശീയ ടൂർണമെൻ്റിൽ ഹിമാചൽ സബ് ജൂനിയർ ടീമിനെ പരിശീലിപ്പിക്കുന്നത്.
എഫ്സി കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ യൂത്ത് ടീം പരിശീലകനാണ് ഇർഷാദ്.

2019 ലാണ് എഫ് സി കൽപകഞ്ചേരി ഫുട്ബാൾ അക്കാദമിയിൽ ഇർഷാദ് കളിക്കാരനായി ചേരുന്നത്. തുടർന്ന് ബാസ്കോ ഒതുക്കുങ്ങൽ,റിയൽ മലബാർ എഫ് സി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിക്കാൻ അവസരം കിട്ടി. പിന്നീട് കൽപ്പകഞ്ചേരി ഫുട്ബോൾ അക്കാദമിയുടെ ബേബി ലീഗ് ടീമിനെ പരിശീലിപ്പിച്ചു. അത് ഇർഷാദിന്റെ ജീവിതത്തിൽ കോച്ചിംഗ് കരിയറിയിലേക്കുള്ള വഴിതിരിവായി മാറി.
തുടർന്ന് എ എഫ് ഡി എം സൂപ്പർ ലീഗിൽ അണ്ടർ 15 ടീമിന്റെ പരിശീലകനായി. കല്പകഞ്ചേരി ഫുട്ബോൾ അക്കാദമിയിൽ നിന്ന് ഒരുപാട് മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ ഇർഷാദ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

കൽപ്പകഞ്ചേരി ഹൈസ്കൂൾ, കിതമത്ത് കോളേജ് തുടങ്ങിയ ടീമുകളെയും പരിശീലിപ്പിക്കുകയുണ്ടായി.
പ്ലസ് വൺ,പ്ലസ് ടു പഠനകാലത്ത് എംഎസ് എംഎച്ച്എസ്എസ് കല്ലിങ്ങൽ പറമ്പ് സ്കൂളിൽ അത്‌ലറ്റിൽ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. നാഷണൽ ഗെയിംസിൽ പഞ്ചാബ് ഫ്ലോർ ബോൾ ടീമിൽ അംഗമായിരുന്നു.

ചെറുപ്പം മുതൽ സ്പോർട്സിൽ ഇർഷാദിന് വഴിക്കാട്ടി ആയത് നാഷണൽ റഫറിയും കോച്ചുമായ വി പി അമീനാണ്.

നിലവിൽ പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി രണ്ടാം വർഷ ബിപിഎഡ് ബിരുദ വിദ്യാർത്ഥിയാണ് ഈ 23 കാരൻ. പരിശീലനത്തിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ E, D ലൈസൻസും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ C ലൈസൻസും സ്വന്തമാണ്.

പരേതനായ കായൽ മഠത്തിൽ കണവത് മൊയ്തീൻകുട്ടി ആണ് പിതാവ്. ഉമ്മ സൗദ. ഫർഷാദ്, ആരിഫ സഹോദരങ്ങൾ ആണ്.