ഇന്ന് ഉത്രാടപ്പാച്ചില്‍; മലയാളികള്‍ ഓണ ലഹരിയില്‍
|
ഓണം അടിച്ചുപൊളിക്കാന്‍ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഒരുക്കിവയ്ക്കാന്‍ ഉത്രാടനാളായ ഇന്ന് എല്ലാവരും ഓടിപ്പായുന്ന തിരക്കിലാകും. സദ്യ വിളമ്പാന്‍ വാഴയില മുതല്‍ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളില്‍ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്, ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചില്‍. പച്ചക്കറി കടകളിലാണ് ഇന്ന് തിരക്ക് കൂടുതല്‍.
ഉത്രാടം മുതല്‍ ഓണനാളുകളിലെ സദ്യകള്‍ വിളമ്പാന്‍ നഗരങ്ങളില്‍ വാഴയിലയുടെ ക്ഷാമമുണ്ട്. ഇന്നത്തെ ഉത്രാടച്ചന്തയില്‍ വാഴയിലകള്‍ക്കും പ്രിയമേറും. പലവ്യഞ്ജനങ്ങളില്‍ അവസാനമായി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അതുവാങ്ങാനും കടകളിലേക്ക് പോകും. ഓണക്കോടി വാങ്ങാന്‍ ശേഷിക്കുന്നവരും നെട്ടാേട്ടത്തിലുമാകും. തുണിക്കടകളില്‍ ഇന്ന് വലിയ തിരക്ക് പ്രതീക്ഷിക്കാം. ഫുട്പാത്തുകളിലും തുണിക്കച്ചവടം സജീവമാണ്. ഓണം ആഘോഷിക്കാന്‍ മറുനാട്ടിലുള്ള ഉറ്റവര്‍ വീടുകളിലെത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്കുള്ളതെല്ലാം ഒരുക്കേണ്ടതിന്റെ ടെന്‍ഷനുണ്ട് വീട്ടുകാര്‍ക്ക്. മാവേലി മന്നന്റെ വരവറിയിച്ച് ചിലയിടങ്ങളില്‍ ഉത്രാടസന്ധ്യയ്ക്ക് പടക്കം, പൂത്തിരി കത്തിക്കലുമുണ്ട്. ഓണത്തിന്റെ പൊലിമ പകര്‍ന്ന് പത്തനംതിട്ട നഗരത്തില്‍ ഇന്നലെ പുലികളിറങ്ങി. അത്തം പിറന്ന് പത്താം നാളായ നാളെ വീട്ടുമുറ്റങ്ങളില്‍ വലിയ പൂക്കളമൊരങ്ങും. പൊള്ളുന്ന വിലയാണെങ്കിലും പൂവിപണിയിലും ഇന്ന് തിരക്കേറും.
സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്നലെ തുടക്കമായി. മാനുഷ്യര്‍ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കല്‍പ്പത്തിനെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ് നാമെന്നും നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റായിരുന്നു ഈ ഓണക്കാലത്ത് ഏറ്റവുമധികം ചര്‍ച്ചയായത്. സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കിറ്റ് വിതരണം പൂര്‍ത്തിയാകില്ലെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. 5.87 ലക്ഷം മഞ്ഞ കാര്‍ഡ് ഉടമകളില്‍ ഇന്നലെ വരെ കിറ്റ് ലഭിച്ചത് 2,59,639 പേര്‍ക്കാണ്. ബാക്കി മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നുകൊണ്ട് കിറ്റ് വിതരണം പൂര്‍ത്തിയാക്കണം. നാളെ മുതല്‍ 31 വരെ റേഷന്‍ കടകള്‍ക്ക് അവധിയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





