17
Apr 2023
Fri
17 Apr 2023 Fri

കോഴിക്കോട്: മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളിൽ മുൻ നിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതിയില്ലെന്ന് കുടുംബം. സംഭവത്തിൽ വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു. ഷൂട്ടും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോവുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. വിദേശത്തായിരുന്നതിനാൽ ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകൾക്ക് പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നിസാർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി.എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് കണ്ണംപറമ്പ് കബർസ്ഥാനിലായിരുന്നു മാമുക്കോയയുടെ കബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മന്ത്രി അഹമ്മദ് ദേവർ കോവിൽ, മുൻമന്ത്രി കെ ടി ജലീൽ അടക്കം നിരവധി പ്രമുഖർ ചിരിയുടെ സുൽത്താന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.