03
Jun 2023
Sat
03 Jun 2023 Sat

മഞ്ചേരി: വീട്ടമ്മ നല്‍കിയ വ്യാജ ബലാല്‍സംഗപരാതിയില്‍ ജയിലിലായ യുവാവിനെ കോടതി വെറുതെവിട്ടു. മലപ്പുറം എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫി(30)നാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മിയാണ് യുവാവിനെ വെറുതെ വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 ജൂലൈ ഏഴിനാണ് വൈകിട്ട് മൂന്നിന് യുവാവ് വീട്ടില്‍ കയറി പീഡിപ്പിച്ചുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടില്‍ അതിക്രമിച്ച് കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരേ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്നു വീട്ടമ്മ പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ കോപ്പി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. പി. സാദിഖലി അരീക്കോട്, അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ എന്നിവര്‍ കോടതിയില്‍ ഹാജരാക്കി.

പരാതിക്കാരിയുടെ വീടിന്റെ തേപ്പ് ജോലി ചെയ്തിരുന്നതില്‍ അഷ്‌റഫിന് ലഭിക്കാനുള്ള പണം നല്‍കാത്തതിലുണ്ടായ തര്‍ക്കം സംബന്ധിച്ച് മഞ്ചേരി സിജെഎം കോടതിയിലുള്ള കേസും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതോടെ പരാതി വ്യാജമാണെന്ന് വീട്ടമ്മ കോടതിയില്‍ സമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജഡ്ജി യുവാവിനെ വെറുതെവിട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക