01
Feb 2024
Sat
01 Feb 2024 Sat

മകന്റെ വികൃതിയെക്കുറിച്ച് സ്‌കൂളില്‍നിന്ന് നിരന്തര പരാതി; സഹികെട്ട് 14 കാരനെ വിഷം നല്‍കി കൊന്ന് അച്ഛന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മകന്റെ വികൃതിയെക്കുറിച്ചു സ്‌കൂളില്‍നിന്ന് നിരന്തരം പരാതി വന്നതോടെ കോപാകുലനായ അച്ഛന്‍ 14 കാരനെ കൊലപ്പെടുത്തി. മകന് സോഡിയം നൈട്രേറ്റ് കലര്‍ന്ന പാനീയം നല്‍കിയാണ് അവനെ അച്ഛന്‍ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സോലാപൂരില്‍ ആണ് സംഭവം. മകന്‍ വിശാലിനെ കൊന്ന കേസില്‍ വിജയ് ബട്ടു (43) എന്നയാളെ അറസ്റ്റ്‌ചെയ്തു.

ജനുവരി 13ന് രാവിലെ പ്രതി മകനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ ശേഷം സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു. വിശാല്‍ അബോധാവസ്ഥയിലായപ്പോള്‍ വിജയ് മൃതദേഹം വീടിനടുത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. വിവരം ഭാര്യയില്‍ നിന്നും പോലീസില്‍ നിന്നും മറച്ചുവയ്ക്കുകയും ചെയ്തു. പിന്നീട് മകനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ദമ്പതികളുടെ വീടിന് സമീപമുള്ള അഴുക്ക് ചാലില്‍ നിന്ന് നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹത്തിനുള്ളില്‍ സോഡിയം നൈട്രേറ്റ് എന്ന വിഷാംശം കണ്ടെത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ പോലീസ് കൊലക്കേസ് രജിസ്റ്റര്‍ ചെയ്യുകയും വിജയുടെ വീട്ടുകാരെയും അയല്‍ക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു.

അന്വേഷണത്തില്‍ വിശാലിന്റെ പിതാവ് വിജയിന്റെ പെരുമാറ്റവും സംശയാസ്പദമായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിലെ ചുരുളഴിഞ്ഞതെന്ന് പൊലിസ് പറഞ്ഞു. ഇതുപ്രകാരം വിജയ് ബട്ടുവിനെ ജനുവരി 29 നാണ് അറസ്റ്റ് ചെയ്തത്.
വിശാലിനെ കുറിച്ച് സ്‌കൂളില്‍ നിന്ന് നിരന്തരം പരാതികള്‍ വന്നിരുന്നതിനാല്‍ തനിക്ക് ദേഷ്യമുണ്ടായിരുന്നു എന്നാണ് പ്രതി വിജയ് മൊഴി നല്‍കിയത്. മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണുക, പഠനത്തിലെ ഉഴപ്പല്‍, സഹോദരിയുമായി പതിവായി വഴക്കിടല്‍ തുടങ്ങിയവ വിജയ് ബട്ടുവിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Upset with teen son’s behaviour, man kills him with sodium nitrate-laced cold drink