കൊച്ചി: കൊച്ചിയില്‍ നിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിക്കിടെ തോക്കുമായി എത്തിയയാള്‍ കസ്റ്റഡിയില്‍. ഉദയം പേരൂര്‍ സ്വദേശി അജീഷാണ് തോക്കുമായി വന്നതെന്ന് പൊലീസ് പിന്നീട് അറിയിച്ചു. സിപിഎം നേതാവ് വിദ്യാധരന്‍ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് ഇയാള്‍. പ്രതികളില്‍ നിന്ന് തനിക്കും പിതാവിനും ഭീഷണി ഉള്ളതുകൊണ്ടാണ് തോക്കിന് ലൈസന്‍സ് എടുത്തതെന്ന് മൊഴി.
|
കടവന്ത്ര സ്റ്റേഡിയത്തില്‍ നടക്കുന്ന എസന്‍സ് ഗ്ലോബല്‍ വിഷന്‍ പരിപാടിക്കിടെയാണ് റൈഫിളുമായി ഒരാള്‍ എത്തിയത്. ബൗണ്‍സര്‍മാര്‍ നടത്തിയ പരിശോധയിലാണ് തോക്ക് കണ്ടെത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. എന്നാല്‍, തോക്ക് കൊണ്ടു വന്നയാള്‍ക്ക് ലൈസന്‍സ് ഉണ്ടെന്ന് പിന്നീട് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഏഴായിരം ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പത്തുമണിയോടെയാണ് പരിപാടി തുടങ്ങിയത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.


