17
Oct 2025
Sat
17 Oct 2025 Sat
man beaten to death in Kollam

സുഹൃത്തിന്റെ പ്രണയബന്ധത്തിലെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. കൊല്ലം ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിയായ അമലാണ് (24) മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് യുവാവ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ സുരേഷ്, രാജേഷ്, അജിത് എന്നിവരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല കണ്ണമ്പയില്‍ വച്ച് പതിനാലാം തീയതിയാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിന്റെ ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

സംസാരത്തിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവ് സുഹൃത്തിന്റെ ബന്ധുക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇത് കൈയാങ്കളിയിലെത്തുകയും അമലിനെ ആക്രമിക്കുകയുമായിരുന്നു. അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമല്‍ പിറ്റേന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. യുവാവ് തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കള്‍ പറഞ്ഞത്.

എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോഗ്യനില വഷളാവുകയും അമല്‍ മരിക്കുകയുമായിരുന്നു.പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെയടക്കം അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ALSO READ: മാല പിടിച്ചുപറിക്കുന്നത് എതിര്‍ത്ത വീട്ടമ്മയുടെ വിരലുകള്‍ വെട്ടിമുറിച്ചു; രണ്ടുപേര്‍ പിടിയില്‍