യുഎസിലെ വിര്‍ജിനിയയില്‍ 28കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. ഭാര്യ മരിച്ച് എത്ര നാള്‍ കഴിഞ്ഞാല്‍ പുനര്‍വിവാഹിതനാവാമെന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. ഇന്ത്യക്കാരനായ നരേഷ് ഭട്ടി(33)നെതിരേയാണ് ഭാര്യ മമത കാഫിലി ഭട്ടി(28)നെ കാണാതായ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മമതയെ കാണാതായതിനു പിന്നാലെ നരേഷ് ഭട്ട് സംശയാസ്പദ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയതും പോലീസ് കണ്ടെത്തുകയുണ്ടായി.
|
ജൂലൈ 29നാണ് മമതയെ കാണാതായത്. എന്നാലിതുവരെയും മമതയുടെ മൃതദേഹമോ മറ്റോ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടുമില്ല. ആഗസ്ത് അഞ്ചിനാണ് മമതെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പോലീസിനോടു പറഞ്ഞത്. അന്വേഷണത്തിലാണ് ഏപ്രില്‍ മാസത്തില്‍ തന്നെ ഇയാള്‍ ഭാര്യ മരിച്ച് എത്ര നാളുകള്‍ക്കുള്ളില്‍ വീണ്ടും വിവാഹം കഴിക്കാമെന്ന് ഫോണില്‍ തിരഞ്ഞതെന്ന് കണ്ടെത്തിയത്. ഇതിനു പുറമേ ഭാര്യ മരിച്ചുകഴിഞ്ഞാല്‍ വായ്പകള്‍ക്ക് എന്തു സംഭവിക്കും, ഭാര്യയെ വിര്‍ജിനിയയില്‍ കാണാതായാല്‍ എന്തു സംഭവിക്കാം എന്നീ തിരയലുകളും ഇയാള്‍ നടത്തിയിരുന്നു.
അന്വേഷണത്തില്‍ ഇയാള്‍ മൂന്നു കത്തികള്‍ വാങ്ങിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ രണ്ടെണ്ണം ഇതുവരെ കണ്ടെത്താനായില്ല. കത്തി വാങ്ങിയതിന്റെ പിറ്റേദിവസം ഇയാള്‍ ശുചീകരണ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു കടയില്‍ നിന്നു വാങ്ങിയെന്ന കാര്യവും അന്വേഷണത്തില്‍ വ്യക്്തമായി. രക്തം പറ്റിയ ഫ്‌ളോര്‍ മാറ്റും സഞ്ചികളുമൊക്കെ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തുകയുണ്ടായി.
ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തസാംപിളുകളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് മമത തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹഭാഗങ്ങള്‍ ഇയാള്‍ നശിപ്പിച്ചതാണെന്നും പോലീസ് സംശയിക്കുന്നു. ആഗസ്ത് 22ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


