ന്യൂഡല്‍ഹി: ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് യുവാവിന് മദ്യപിക്കാന്‍ പൂതി തോന്നിയത്. വഴിയരികില്‍ കാര്‍ നിര്‍ത്തി മദ്യപാനം തുടങ്ങി. കമ്പനിക്ക് വഴിയെ പോയെ ആളെയും കാറില്‍ വിളിച്ചുകയറ്റി. ലഹരി തലയ്ക്കുപിടിച്ച സമയത്ത് കമ്പനിക്ക് കാറില്‍ കയറിയ ആള്‍ യുവാവിനോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ സമയത്താണ് അപരിചിതന്‍ കാറുമായി കടന്നു. യുവാവിന്റെ ലാപ് ടോപ്പും മൊബൈല്‍ഫോണും 18000 രൂപയും കാറിലായിരുന്നു.
|
ഉള്ളതെല്ലാം നഷ്ടമായതോടെ മെട്രോയില്‍ കയറിയാണ് യുവാവ് വീട്ടില്‍ പോയത്. പിന്നീട് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. 30കാരനായ അമിത് പ്രകാശിനാണ് ഇത്തരമൊരു ദുരവസ്ഥ. ഡല്‍ഹിയിലെ ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ ജീവനക്കാരനാണ് അമിത് പ്രകാശ്. ഗ്രേറ്റര്‍ കൈലാഷ്-2ലാണ് താമസം.
ഡല്‍ഹി സുഭാഷ് ചൗക്കില്‍ വച്ചാണ് അമിത് പ്രകാശിന് തന്റെ കാറും മറ്റ് വസ്തുക്കളും പണവും നഷ്ടപ്പെട്ടത്. യുവാവിന്റെ പരാതിയില്‍ പൊലീസ് അജ്ഞാതനെതിരേ കേസെടുത്തിട്ടുണ്ട്. മദ്യലഹരിയില്‍ 2000 രൂപയുടെ വൈന്‍ കുപ്പിക്ക് താന്‍ 20000 രൂപ നല്‍കിയെന്നും എന്നാല്‍ കടയുടമ തനിക്ക് 18000 രൂപ തിരികെ നല്‍കിയെന്നും അമിത് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്.
കാറിലിരുന്ന് മദ്യപിക്കുമ്പോഴാണ് അപരിചിതനെത്തി കമ്പനി കൂടുന്നത്. ഇവിടെ നിന്ന് സുഭാഷ് ചൗക്കിലേക്ക് ഇരുവരും പോയി. ഇവിടെ എത്തിയപ്പോഴാണ് അപരിചിതന്‍ യുവാവിനോട് കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടത്. സ്വന്തം കാറിലാണ് ഇരുന്നതെന്ന കാര്യം താന്‍ മറന്നുപോയെന്നും തുടര്‍ന്ന് ഓട്ടോ വിളിച്ച് മെട്രോ സ്‌റ്റേഷനിലേക്ക് പോയെന്നും അവിടെ നിന്ന് മെട്രോയില്‍ താമസസ്ഥലത്ത് ഇറങ്ങിയെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അപരിചിതനെ കണ്ടെത്തുന്നതിനുള്ള യാതൊരു അടയാളങ്ങളും അമിതിനു നല്‍കാനാവാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





