01
Jul 2023
Sun
01 Jul 2023 Sun

ലുധിയാന: കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം പരിഹസിച്ച അയൽക്കാരായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു. പഞ്ചാബിലെ ലുധിയാനയിലെ സേലംതാബ്രിയിലാണ് സംഭവം. പ്രതിയായ റോബിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മന്ദീപ് സിങ് സിദ്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരീന്ദർ കൗർ ( 70), ഭർത്താവ് ചമൻ ലാൽ (75), അമ്മായിയമ്മ സുർജിത് (90) എന്നിവരെയാണ് റോബിൻ ചുറ്റിക തലയ്ക്കടിച്ച് കൊന്നത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ ഇവരോട് ആവശ്യപ്പെട്ടിരുന്നു.

ഭാര്യയുടെ മുന്നിൽ വച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിൻ വീട്ടിൽ കയറി മൂന്നു പേരെയും കൊല്ലുകയായിരുന്നു. കൊലപാതകം അപകട മരണമാക്കാൻ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് തീയിടുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട പാൽക്കാരനാണ് അയൽവാസികളെ വിവരം അറിയിച്ചത്. കഴിഞ്ഞദിവസവും ഇവിടെ ആളുണ്ടായിരുന്നില്ലെന്നും പാൽക്കാരൻ പറഞ്ഞു. തുടർന്ന് അയൽക്കാർ വീടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റം ചെയ്തതായി റോബിൻ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ക്യാമറയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് റോബിനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താൻ ജയിലിൽ പോയാൽ ഭാര്യയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ അവരെയും അറസ്റ്റ് ചെയ്യണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു.