മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിമപ്പെടുകയും പഠനത്തില്‍ ശ്രദ്ധയില്ലാതാവുകയും ചെയ്ത 14കാരനെ അച്ഛന്‍ ക്രിക്കറ്റ് ബാറ്റിന് അടിച്ചും തല ചുവരില്‍ ഇടിപ്പിച്ചും കൊന്നു. ബംഗളുരുവിലാണ് ദാരുണമായ സംഭവം. നീ ചത്താലും ജീവിച്ചാലും തനിക്കൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രവികുമാര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ തേജസിനെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്.
|
കൊലപാതകവിവരം മറിച്ചുവച്ച് മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെ രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി രവികുമാറിനെ പിടികൂടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചപ്പോഴാണ് ക്രൂരമായ പീഡനം വെളിപ്പെട്ടത്. തലയ്ക്കുള്ളില്‍ ഗുരുതരമായി പരിക്കും ശരീരമാകെ മുറിവുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ആശാരിപ്പണിക്കാരനായ കുമാറിന് മകന്റെ അമിത മൊബൈല്‍ ഉപയോഗത്തിലും പഠനത്തിലെ പിന്നാക്കാവസ്ഥയിലും അങ്ങേയറ്റം കോപമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.
സംഭവദിവസം കേടായ മൊബൈല്‍ ഫോണിനെ ചൊല്ലി കുമാര്‍ മകനുമായി വഴക്കിടുയും ക്രിക്കറ്റ് ബാറ്റെടുത്ത് തേജസിനെ അടിക്കുകയും തല പിടിച്ച് ചുവരില്‍ ഇടിപ്പിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്തുവീണ തേജസ് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വേദന കൊണ്ട് പുളഞ്ഞു. ശ്വാസം നിലച്ച ശേഷമാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടി നേരത്തേ മരിച്ചതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
മകന്റെ ശരീരത്തിലെ ചോരപ്പാടുകള്‍ തുടച്ച കളയുകയും മര്‍ദ്ദിക്കാനുപയോഗിച്ച് ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു കുമാര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കം തുടങ്ങിയത്. തെളിവുകള്‍ നശിപ്പിച്ച പ്രതി കുട്ടിയുടേത് ആകസ്മിക മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ചിലര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





