02
Jul 2023
Wed
02 Jul 2023 Wed

കോവിഡ് ലോക്ക്ഡൗണ്‍ കാലത്തുണ്ടായ പ്രണയവിവാഹം കലാശിച്ചത് കൂട്ടക്കൊലയില്‍. കൃത്യശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അസമിലെ ഗോലാഘട്ട് ജില്ലയില്‍ കഴിഞ്ഞദിവസമാണ് യുവാവ് ഭാര്യയെയും ഭാര്യാ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. 25കാരനായ നസീബുര്‍ റഹ്‌മാന്‍ ആണ് ഭാര്യ സംഘമിത്ര ഘോഷിനെയും യുവതിയുടെ മാതാപിതാക്കളായ സഞ്ജീവ് ഘോഷിനെയും ജുനു ഘോഷിനയെും കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെക്കാനിക്കല്‍ എന്‍ജിനീയറായ നസീബുറും സംഘമിത്രയും 2020 ജൂണില്‍ ഫേസ്ബുക്കിലൂടെയാണ് പരിചയത്തിലായത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയും 2021 ഒക്ടോബറില്‍ ഇരുവരും ഒളിച്ചോടുകയും ചെയ്തു. യുവതിയുടെ മാതാപിതാക്കള്‍ സംഘമിത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും നസീബുറുമായി കൊല്‍ക്കത്തിയെ കോടതിയില്‍ വച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഇതിനു പിന്നാലെ യുവതിയുടെ മാതാപിതാക്കള്‍ മകള്‍ക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് പരാതി നല്‍കി. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയുണ്ടായി. ജാമ്യം കിട്ടി ജയില്‍മോചിതയായ ശേഷം സംഘമിത്ര മാതാപിതാക്കളുടെ അടുത്തേക്ക് വരികയും ചെയ്തു. 2022 ജനുവരിയില്‍ സംഘമിത്രയും നസീബുറും ചെന്നൈയിലേക്ക് ഒളിച്ചോടി.

അഞ്ചുമാസം ഇവിടെ കഴിഞ്ഞ ദമ്പതികള്‍ ആഗസ്തില്‍ ഗോലാഘട്ടിലേക്ക് തിരികെയെത്തി. ഈ സമയം യുവതി ഗര്‍ഭിണിയായിരുന്നു. നാസിബുറിന്റെ വീട്ടില്‍ താമസമാരംഭിച്ച സംഘമിത്രയ്ക്ക് 2022 നവംബറില്‍ ആണ്‍കുഞ്ഞ് ജനിച്ചു. നാലുമാസത്തിനു ശേഷം യുവതി കുഞ്ഞിനെയുമായി സ്വന്തം വീട്ടിലേക്ക് വരികയും ഭര്‍ത്താവിനെതിരേ ഗാര്‍ഹികപീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു.

ഇതോടെ നാസിബുര്‍ അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 28 ദിവസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ നാസിബുര്‍ മകനെ കാണാന്‍ എത്തിയെങ്കിലും യുവതിയുടെ വീട്ടുകാര്‍ ഇതിനു സമ്മതിച്ചില്ല.

കഴിഞ്ഞ തിങ്കളാഴ്ച നാസിബുറും യുവതിയുടെ വീട്ടുകാരും തമ്മില്‍ വഴക്കുണ്ടാവുകയും യുവാവ് മൂന്നുപേരെയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയുമായി നാസിബുര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക