ഹരിപ്പാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് 66 വർഷം തടവ്. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീനെ (30)യാണ് കോടതി ശിക്ഷിച്ചത്.
|
മാതാവ് ഉപേക്ഷിച്ച് പോയ 15കാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പോക്‌സോ കേസടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് 66 വര്‍ഷം കഠിന തടവുശിക്ഷ കോടതി വിധിച്ചത്. ഇതോടൊപ്പം 1.8 ലക്ഷം രൂപ പിഴയും അടയ്ക്കണം.
കുട്ടിയുടെ അച്ഛന്‍ നിലവില്‍ ജയിലിലാണ്. അതിനാൽ തന്നെ കുട്ടി ഇപ്പോള്‍ അമ്മൂമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഇവിടെയെത്തി പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ഹരിപ്പാട് അതിവേഗ കോടതി സ്‌പെഷല്‍ ജഡ്ജി എസ് സജികുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ ആകെ 24 സാക്ഷികളെ വിസ്തരിച്ചു. വള്ളികുന്നം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എം ഇഗ്നേഷ്യസ് ആണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘു ഹാജരായി.



