ചിരവൈരികള്‍ തമ്മിലുള്ള തീപാറും പോരാട്ടത്തിനൊടുവില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് കപ്പ്. മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് എഫ്.എ. കപ്പ് സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. (Manchester united defeated manchester city in fa cup final)
|
അര്‍ജന്റീനന്‍ മുന്നേറ്റ നിര താരം അലജാന്‍ഡ്രോ ഗര്‍നാച്ചോയും ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബീ മെയ്നുവുമാണ് യുണൈറ്റഡിനു വേണ്ടി വലകുലുക്കിയത്. 87-ാം മിനിറ്റില്‍ അക്കേക്ക് പകരക്കാരനായി എത്തിയ ബെല്‍ജിയം താരം ജെറിമി ഡോക്കു സിറ്റിക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി.
ഒന്നാംപകുതിയുടെ 30-ാം മിനിറ്റിലായിരുന്നു യുണൈറ്റഡിന്റെ ആദ്യഗോള്‍. സിറ്റിയുടെ ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് കൈവശപ്പെടുത്താന്‍ അലജാന്‍ഡ്രോ ഗര്‍നാച്ചോയും സിറ്റിയുടെ പ്രതിരോധനിരക്കാരന്‍ യോഷ്‌കോ വാര്‍ഡിയോളും ശ്രമിച്ചു. സിറ്റി കീപ്പര്‍ സ്റ്റീഫന്‍ ഒര്‍ട്ടേഗയെ ലക്ഷ്യം വെച്ച് വാര്‍ഡിയോള്‍ എടുത്ത മൈനസ് ഹെഡ് കീപ്പറെയും കടന്നു പോയി. ഗോളിയെ മറികടന്ന പന്തില്‍ കാലുവെച്ച് കൊടുക്കേണ്ട പണി മാത്രമെ ഗര്‍നാച്ചോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ 1-0. ഗോള്‍ മടക്കാനുള്ള ശ്രമം തുടരുന്നതിനിടെ സിറ്റിയെ ഞെട്ടിച്ച് 39-ാം മിനിറ്റില്‍ വീണ്ടും യൂണൈറ്റഡിന്റെ ഞെട്ടിച്ചു. മുന്നേറ്റത്തിനിടെ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് കോബി മെയ്നു അനായാസം രണ്ടാം പോസ്റ്റിലേക്ക് അടിച്ചു കയറ്റി.
തുടര്‍ന്ന് പല തവണ സിറ്റി എതിര്‍ഗോള്‍മുഖത്തേക്ക് പാഞ്ഞടുത്തെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോളെന്നുറപ്പിച്ച ചില അവസരങ്ങള്‍ കളഞ്ഞു കുളിക്കുകയും ചെയ്തു. 87ാം മിനിറ്റിലാണ് ഇതിന് ഒരു അന്ത്യമുണ്ടായത്. യുണൈറ്റഡിന്റെ പെനാല്‍റ്റി ഏരിയക്ക് പുറത്ത് വെച്ച് പ്രതിരോധ നിരയെ മറികടക്കാനുള്ള ജെറിമി ഡോക്കുവിന്റെ ശ്രമം തടയപ്പെട്ടു. ആ നിമിഷം തന്നെ ഞൊടിയിടയില്‍ ബോള്‍ മുന്നിലേക്ക് ഇട്ട് ജെറിമി തൊടുത്ത കനത്ത ഷോട്ട് യുണൈറ്റഡ് കീപ്പര്‍ ആന്ദ്രേ ഒനാനയുടെ കൈയ്യില്‍ തട്ടി ഇടതുപോസ്റ്റിനെ ചാരിയെന്നോണം വലക്കകത്ത് കയറി. സ്‌കോര്‍ 2-1.
അവസാന നിമിഷങ്ങളില്‍ കിണഞ്ഞുശ്രമിച്ചിട്ടും സിറ്റിയുടെ സമനില ശ്രമം വിജയിച്ചില്ല. എല്ലാം യുണൈറ്റഡിന്റെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 58-ാം മിനിറ്റില്‍ കെയ്ല്‍ വാക്കറുടെ ലോങ് റെയ്ഞ്ച് ഷോട്ട് യുണൈറ്റഡ് കീപ്പര്‍ പണിപ്പെട്ടാണ് തടഞ്ഞത്. 60-ാം മിനിറ്റില്‍ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് പെനാല്‍റ്റി സ്പോട്ടിന് തൊട്ടുപിന്നില്‍ നിന്ന് തൊടുത്ത ഇടംകാലന്‍ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 64-ാം മിനിറ്റില്‍ അല്‍വാരസിന് കിട്ടിയ തുറന്ന അവസരവും ഗോളാക്കാനായില്ല. 74-ാം മിനിറ്റില്‍ മൊയ്നു ഹാളണ്ടിനെ ബോക്സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അപ്പീല്‍ ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. കളിക്കു ശേഷം സിറ്റി കോച്ചും റഫറിയും തമ്മില്‍ ഇതേ ചൊല്ലി നീണ്ട തര്‍ക്കം നടന്നു.


