17
May 2025
Sun
17 May 2025 Sun
Mangaluru Police commissioner reject PFI link in Suhas Shetty murder

കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനുമായ സുഹാസ് ഷെട്ടിയെ വധിച്ചതിനു പിന്നില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടാണെന്ന ബിജെപി ആരോപണം തള്ളി മംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍. പിടിയിലായ പ്രതികള്‍ക്ക് പോപുലര്‍ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ല്‍ സൂറത്കല്ലില്‍ മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതിയായ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫാസിലിന്റെ സഹോദരന്‍ ആദില്‍ മഹ്‌റൂഫടക്കം എട്ടുപേരാണ് പോലീസ് പിടിയിലായിട്ടുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. അബ്ദുല്‍ സഫ്വാന്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് റിസ് വാന്‍, കലന്ദര്‍ ഷാഫി, രഞ്ജിത്ത്, നാഗരാജ്, ആദില്‍ മഹ്‌റൂഫ്, നിയാസ് എന്നിവരാണ് സുഹാസ് ഷെട്ടി വധക്കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സുഹാസ് ഷെട്ടിയുടെയും സംഘത്തിന്റെയും വധശ്രമത്തില്‍ 2023ല്‍ രക്ഷപെട്ടയാളാണ് അബ്ദുല്‍ സഫ് വാനെന്ന് പോലീസ് പറഞ്ഞു.

സുഹാസിനെ കൊല്ലാനുള്ള ക്വട്ടേഷന്‍ സഫ് വാനാണ് നല്‍കിയത്. അഞ്ചുലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ മൂന്നു ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും പോലീസ് കണ്ടെത്തി. സുഹാസ് ഷെട്ടിയും സംഘവും തന്നെ വധിക്കുമെന്നുള്ള ഭയം മൂലമാണ് അബ്ദുല്‍ സഫ് വാന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.
വ്യാഴാഴ്ച വൈകിട്ട് 8.30ഓടെയാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം സുഹാസിന്റെ ഇടിച്ചുവീഴ്ത്തി വെട്ടുകയായിരുന്നു.

Also Read: സൂറത്കല്‍ ഫാസില്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതിയെ വെട്ടിക്കൊന്നു