11
Sep 2023
Fri
11 Sep 2023 Fri

മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ വസതിക്കുനേരെ ആക്രമണ ശ്രമം; തടിച്ചുകൂടിയത് 400 പേരോളം വരുന്ന സംഘം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: കാണാതായ രണ്ട് മെയ്‌തേയി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും വ്യാപക അക്രമം. മുഖ്യമന്ത്രി എന്‍. ബീരേന്‍സിംഗിന്റെ വസതിക്കുനേരെ ആക്രമണ ശ്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ‘ഇംഫാലിലെ ഹൈന്‍ഗാഗിലുള്ള മുഖ്യമന്ത്രിയുടെ വീട് ആക്രമിക്കാന്‍ ശ്രമം നടന്നു. വീടിന് 100 മീറ്റര്‍ അകലെ വെച്ച് ജനക്കൂട്ടത്തെ സുരക്ഷാ സേന തടഞ്ഞു,” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബിരേന്‍ സിങിന്റെ ഇംഫാല്‍ ഈസ്റ്റിലെ വസതിക്കുനേരെയാണ് ജനക്കൂട്ടം ആക്രമണം നടത്താന്‍ ശ്രമിച്ചത്. 400 പേരോളം വരുന്ന സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ധസൈനിക വിഭാഗവും ചേര്‍ന്നു തടഞ്ഞു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. സൈനിക നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായിയാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥലത്തു മണിപ്പുര്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം രണ്ടു വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രകടനങ്ങളും നടത്തി. ചൊവ്വാഴ്ച മുതല്‍ സംസ്ഥാന തലസ്ഥാനത്ത് അക്രമാസക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കുറ്റവാളികളെ ഉടന്‍ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി ബിരേന്‍ സിംഗ് അറിയിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് ബിരേന്‍ സിംഗ് വ്യക്തമാക്കി.

ബുധനാഴ്ച രോഷാകുലരായ ജനക്കൂട്ടം മണിപ്പൂരിലെ ബിജെപി മണ്ഡലം ഓഫീസിന് തീയിട്ടു. അതേ ദിവസം തന്നെ നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ സംസ്ഥാനത്തെ സുരക്ഷാസേനകളുടെ അമിതമായ ഇടപെടലുകള്‍ക്കെതിരെ പ്രകടനം നടത്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക