02
Apr 2023
Sun
02 Apr 2023 Sun

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. നിരവധി പേർക്ക് പരിക്കേറ്റു. മഥുരയിലെ ചൗമുഹ ഏരിയയിലെ ഭാരതീയ ഗ്രാമത്തിൽ നടന്ന അംബേദ്കർ ഘോഷയാത്രയ്ക്കിടെ ചില അക്രമികൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കല്ലേറിൽ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനു വഴിവച്ചു. കല്ലേറുണ്ടായതോടെ ജാഥയിൽ ആളുകളുടെ തിക്കും തിരക്കുമുണ്ടായി. കല്ലേറിന് പിന്നാലെ ഗ്ലാസ് കുപ്പികൾ കൊണ്ടും ഏറുണ്ടായി. ഇതിലും നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ കോൺസ്റ്റബിൾമാരായ കൗശൽ യാദവ്, രാജേന്ദ്ര സിങ്, ദിവേഷ് ചൗധരി എന്നിവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എഡിഎം യോഗാനന്ദ് പാണ്ഡെ, എസ്ഡിഎം ശ്വേത സിങ്, മജിസ്ട്രേറ്റ് മനോജ് വർഷ്നി, മറ്റ് അഡ്മിനിസ്ട്രേറ്റീവ് അധികാരികൾ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാന നില നിലനിർത്താൻ നിരവധി ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.

നേരത്തെ, ഹാഥ്രസ് ജില്ലയിലും മൂന്ന് അംബേദ്കർ പ്രതിമകൾ തകർത്തിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം കടകൾ അടപ്പിച്ച് പ്രതിഷേധമറിയിച്ചു. കോട്വാലി പൊലീസ് സ്റ്റേഷനിൽ ഇരു കക്ഷികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് പുതിയ പ്രതിമകൾ സ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ, രാമനവമി ഘോഷയാത്രയ്ക്കിടെ ബിഹാറിലും പശ്ചിമ ബം​ഗാളിലും ഹിന്ദുത്വവാദികൾ വ്യാപക അതിക്രമം നടത്തിയിരുന്നു. ബിഹാറിലെ നളന്ദ ജില്ലയിലെ ബിഹാർ ഷരീഫിൽ ജയ് ശ്രീറാം വിളിച്ചെത്തി മദ്രസയും 4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ഇവിടുത്തെ ലൈബ്രറിയും അ​ഗ്നിക്കിരയാക്കിയ അക്രമികൾ പള്ളി​കൾക്കു നേരെയും ആക്രമണം നടത്തിയിരുന്നു.

ആക്രമണങ്ങൾ സംഘ്പരിവാർ സംഘടനകളുടെ ആസൂത്രിത പദ്ധതിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനായി 457 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഢാലോചനകൾ നടത്തിയെന്നും ഇതിനു പിന്നിൽ ബജ്‌റംഗ്ദൾ കൺവീനർ കുന്ദൻ കുമാറാണെന്നും എഡിജിപി ജിതേന്ദ്ര സിങ് ഗവാർ പറഞ്ഞിരുന്നു.

കുന്ദൻ കുമാറുണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ആ ദിവസങ്ങളിൽ നടത്തേണ്ട ആക്രമണങ്ങളെ കുറിച്ചുള്ള ആസൂത്രണവും ഗൂഢാലോചനയും നടന്നിരുന്നതെന്നും പൊലീസ് വ്യക്തമാക്കുി. വ്യാപക അക്രമമാണ് റാലിക്കിടെ ഉണ്ടായത്. ബിഹാർ ഷരീഫിൽ മാത്രമല്ല, ജില്ലയിലെ മറ്റിടങ്ങളിലും ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നു. കേസുമായി ബന്ധപ്പെട്ട് 140പേരെ അറസ്റ്റ് ചെയ്തതായും 15 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു.

ബം​ഗാളിലെ ഹൂ​ഗ്ലി, ഹൗറ എന്നിവിടങ്ങളിലായിരുന്നു അതിക്രമം ഉണ്ടായത്. നിരവധി മുസ്‌ലിങ്ങളുടെ വീടുകൾക്കു നേരെ കല്ലേറുൾപ്പെടെയുള്ള ആക്രമണം നടത്തിയ ഹിന്ദുത്വവാദികൾ നിരവധി വാഹനങ്ങൾക്കും കടകൾക്കും തീയിട്ടിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഹൂ​ഗ്ലിയിലെ ആക്രമണത്തിൽ 100ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.