22
Aug 2022
Sat
22 Aug 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: കേന്ദ്രത്തിന്റെ ഹൃസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉന്നത മാവോവാദി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ബീഹാര്‍ പൊലീസ്. കഴിഞ്ഞദിവസം അറസ്റ്റിലായ മാവോവാദി നേതാവ് മനശ്യാം ദാസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം കിട്ടിയതെന്ന് പൊലീസ് പറയുന്നു.

 

തെലങ്കാന പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ വിവരത്തെ തുടർന്ന് ലഖിസാരായിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ലഖിസാരായിയില്‍ ട്രെയിന്‍ കത്തിച്ചതിന് പിന്നിലെ തന്റെ പങ്ക് അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ മാവോവാദി നേതാവ് സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

 

റെയില്‍വേ സ്റ്റേഷനിലെത്തി അതിക്രമം കാണിക്കാന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചത് മാവോവാദി നേതാക്കളാണെന്നും വാടകയ്‌ക്കെടുത്ത വീട്ടില്‍ വച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെടുന്നു.

 

വര്‍ഷങ്ങളായി മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് ലഖിസരായിയില്‍ താമസിച്ച് നേതൃത്വം നല്‍കുന്ന മനശ്യാം ദാസിന് ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളിലെ നക്‌സല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. മൊബൈല്‍ ഫോണുകളും മാവോവാദി ലഘുലേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

മാവോവാദികളെ നേരില്‍ കാണാന്‍ ഇയാള്‍ സ്ഥിരമായി വനത്തിനുള്ളിലേക്ക് പോവാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ബഗല്‍പുറിലെ ഒരു പ്രഫസര്‍ക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നും അറസ്റ്റിലായ ദാസ് പൊലീസിനോട് പറഞ്ഞെങ്കിലും പ്രഫസര്‍ ഇത് നിഷേധിച്ചു.