22
Jan 2023
Fri
22 Jan 2023 Fri

​ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം തെളിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ കൂട്ടസ്ഥലംമാറ്റം. സ്റ്റേഷനിലെ 32 ഉദ്യോ​ഗസ്ഥരിൽ സ്വീപ്പർ ഒഴികെ 31 പേരെയും സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം മംഗലപുരം സ്‌റ്റേഷൻ പരിധിയിൽ പൊലീസുകാർക്കെതിരെ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയതോടെയാണ് കൂട്ടനടപടിയുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഗോപകുമാർ, അനൂപ് കുമാർ, ഗ്രേഡ് എ.എസ്.ഐ. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധികുമാർ, കുമാർ എന്നിവരെ വ്യാഴാഴ്ച രാത്രി റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വീപ്പർ ഒഴികെയുള്ള എല്ലാവരെയും സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സ്റ്റേഷനിലെ

കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം അക്രമികൾ ആദ്യം കടന്നുകളഞ്ഞു. പ്രതികളെ പിടിക്കാനെത്തിയ മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികൾ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ്‌ സെക്രട്ടറിയുടെ സഹോദരൻ ശ്രീകുമാരൻ നായരെ ആക്രമിക്കുകയും കിണറ്റിലിടുകയും ചെയ്തു. എന്നാൽ, പ്രതികളെ വേഗം പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഒരാളെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മറ്റൊരാളെ പിന്നീട് പിടികൂടി.

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാനുള്ള നീക്കം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് റൂറൽ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്തിയത്. പ്രതികളെ പിടികൂടിയിട്ടും വേണ്ടവിധത്തിലുള്ള ഇടപെടൽ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ഭാഗത്തുനിന്നുണ്ടായില്ല. സ്റ്റേഷൻ പരിധിയിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേ ഗുണ്ടാനിയമം ചുമത്താനുള്ള നടപടികളും സ്വീകരിച്ചില്ല.
നഗരത്തിലേക്ക് വൻതോതിൽ മണ്ണ് കടത്തിക്കൊണ്ടുവരുന്ന പ്രദേശങ്ങളിലൊന്നാണ് മംഗലപുരം. സി.ഐ. അടക്കമുള്ളവർക്ക് മണ്ണുകടത്ത് സംഘാംഗങ്ങളടക്കമുള്ള അക്രമികളുമായി ബന്ധമുണ്ടെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മംഗലപുരം എസ്എച്ച്ഒ സജേഷിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.