പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. (Death of nursing student in Pathanamthitta; Three classmates arrested) പത്തനാപുരം സ്വദേശി അലീന, ചങ്ങനാശ്ശേരി സ്വദേശി അശിത, അയക്കുന്നം സ്വദേശി അഞ്ജന എന്നിവരെയാണ് പത്തനം തിട്ട പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
|
അമ്മുവിന്റെ സഹപാഠികളായ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
ALSO READ: പോലിസുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജേഷ് നേരെ പോയത് ബാറിലേക്ക്; കൊലയ്ക്ക് കാരണം ഇതാണ്
ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. അമ്മുവിനെ ഇവര്‍ മാനസികമായി പീഡിപ്പിച്ചു എന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.
കോളേജിലെ ടൂറുമായി ബന്ധപ്പെട്ട പണം അറസ്റ്റിലായ മൂന്ന് കൂട്ടികള്‍ തിരിമറി നടത്തിയിരുന്നുവെന്നും ഇത് അമ്മു എതിര്‍ത്തതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നുമാണ് വിവരം.
മൊഴികളിലെ വൈരുധ്യവും ഫോണ്‍ വിവരങ്ങളും അടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അതിനിടെ, ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് അടുത്ത ആഴ്ച കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം. ആരോഗ്യ സര്‍വകലാശാല സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് ഡീന്‍ ഡോ. വി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരന്‍ അഖില്‍ സജീവ് അമ്മുവിന്റെ ചികിത്സാ കാര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വീഴ്ചയുണ്ടായി എന്ന വിമര്‍ശനം ആവര്‍ത്തിച്ചു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതര്‍ വിവരം അറിയിക്കാന്‍ വൈകിയിരുന്നു.
ആംബുലന്‍സില്‍ പോകവേ ശ്രീകാര്യം എത്തുമ്പോള്‍ അമ്മുവിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
അതേസമയം, ക്ലാസ്സില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ത്തുവെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങളെക്കുറിച്ച് അമ്മു രേഖാ മൂലം കോളേജില്‍ പരാതി നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മൊഴി നല്‍കിയിരുന്നു. കോളജ് അധികൃതര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ടയില്‍ കെഎസ്‌യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.


