മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹപ്പരസ്യം നല്‍കിയ രണ്ടുഡസനിലേറെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുകയും അവരില്‍ നിരവധി പേരെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത യുവാവ് മുംബൈ പോലീസിന്റെ പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ ഇമ്രാന്‍ അലി ഖാന്‍(42)ആണ് പിടിയിലായത്.
|
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴോളം പേരെ വിവാഹം കഴിക്കുകയും വിവാഹവാഗ്ദാനം നല്‍കി മൂന്നു സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തുവെന്ന പരാതിയിലാണ് മുംബൈ പോലീസ് നടപടി സ്വീകരിച്ചത്. പൈധോണിയിലെ 42കാരിയായ അധ്യാപികയുടെ വിവാഹപ്പരസ്യം മാട്രിമോണിയല്‍ സൈറ്റില്‍ കണ്ട പ്രതി ഇവരെ കബളിപ്പിച്ച് 22 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
പ്രായം കൂടുതലായ അധ്യാപികയുടെ വിവാഹം നടക്കുക എളുപ്പമല്ലെന്ന് മനസ്സിലാക്കിയാണ് പ്രതി വിവാഹ വാഗ്ദാനം നല്‍കി ഇവരുടെ പണം തട്ടിയതെന്നു പോലീസ് കണ്ടെത്തി. വിവാഹശേഷം ഒന്നിച്ചുതാമസിക്കുന്നതിന് മുംബൈയിലെ ബൈകുളയില്‍ ഫ്‌ളാറ്റ് വാങ്ങുന്നതിനടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതി അധ്യാപികയില്‍ നിന്ന് പലപ്പോഴായി ലക്ഷങ്ങള്‍ കൈപ്പറ്റിയതെന്നും പോലീസ് പറഞ്ഞു.
പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സോളാപൂര്‍, പര്‍ഭാനി, പശ്ചിമബംഗാള്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നായി ഇതിനകം ഏഴു സ്ത്രീകളെ വിവാഹം കഴിച്ചുവെന്നു പോലീസിന് വിവരം ലഭിച്ചു. പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയവരായിരുന്നു പ്രതികളുടെ ഇരകള്‍. ബിസിനസുകാരനെന്ന വ്യാജേന ഇയാള്‍ സ്ത്രീകളെ വിളിക്കുകയും അവരെ പഞ്ചനക്ഷത്ര ഹോട്ടലിലടക്കം വിളിച്ചുവരുത്തി ചെലവ് ചെയ്യുകയും ചെയ്യും.
പ്രതിയുടെ ആഡംബരജീവിതം കാണുന്ന ഇരകള്‍ ഇയാളെ വിശ്വസിക്കുകയും ചെയ്തു. ഇതോടെ തന്റെ വലയിലാവുന്ന സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുകയായിരുന്നു പ്രതി ചെയ്തിരുന്നത്. തട്ടിയെടുക്കുന്ന പണം കൊണ്ട് ഇയാള്‍ ചൂതാടിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 29ന് ഹൈദരാബാദില്‍ നിന്നാണ് ഇമ്രാനെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





