പാരീസ്: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ പോയി കീഴടക്കി ബൊറൂഷ്യ ഡോട്മുണ്ട്. രണ്ടാം പാദ സെമിയില്‍ പി.എസ്.ജിയെ തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് കലാശപ്പോരിന് ടിക്കറ്റെടുക്കുകയുംചെയ്തു.
|
രണ്ടാം പകുതിയില്‍ മാറ്റ് ഹമ്മല്‍സ് നേടിയ ഏക ഗോളിനാണ് ജര്‍മന്‍ കരുത്തരുടെ വിജയം. ആദ്യ പാദത്തിലും എതിരില്ലാത്ത ഒരു ഗോളിന് ബൊറൂഷ്യ പി.എസ്.ജിയെ തകര്‍ത്തിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 2-0 ന്റെ ആധികാരിക വിജയമാണ് ടീം സ്വന്തമാക്കിയത്.
പാര്‍ക് ഡെ പ്രിന്‍സസില്‍ കളത്തിലും കണക്കിലും പി.എസ്.ജിയായിരുന്നു മുന്നിലെങ്കിലും ബൊറൂഷ്യന്‍ കോട്ട പൊളിക്കാന്‍ എംബാക്കെക്കും സംഘത്തിനുമായില്ല. മത്സരത്തില്‍ 70 ശതമാനം നേരവും പന്ത് കൈവശം വച്ചത് പി.എസ്.ജിയായിരുന്നു. 30 ഷോട്ടുകളാണ് ബൊറൂഷ്യന്‍ ഗോള്‍വലയിലേക്ക് പി.എസ്.ജി താരങ്ങള്‍ ഉതിര്‍ത്തത്. അതില്‍ അഞ്ചും ഓണ്‍ ടാര്‍ജറ്റായിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ബൊറൂഷ്യയുടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശം. 2013 ലാണ് ടീം അവസാനമായി ഫൈനലിന് യോഗ്യത നേടിയത്.
ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും തമ്മിലുള്ള ഇന്നത്തെ മത്സരവിജയികളാണ് ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിന്റെ എതിരാളികള്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 22 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡ് തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്‌സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.
മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.
മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്‌ക്കെടുത്ത ഹാരി കെയ്‌നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ പ്രതീക്ഷ. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍ബയേണ്‍ രണ്ടാം പാദ സെമി മത്സരം.
Mats Hummels secured a return to Wembley for Dortmund, as PSG hit the woodwork four times but couldn’t find a way through


