കണ്ണൂര്‍: ഗള്‍ഫിലെ സുഹൃത്തിന് കൊടുക്കാനെന്ന് പറഞ്ഞ് അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം.
|
മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാര്‍ കുപ്പിയില്‍ ഉണ്ടായിരുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മിഥിലാജ് ഇന്ന് ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മിഥിലാജ് സംശയം തോന്നി തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കുളളില്‍ ഒരു കവര്‍ കണ്ടെത്തിയത്.
ഇതിനുള്ളിലായിരുന്നു എംഡിഎംഎയും ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചക്കരക്കല്‍ കൂംളംബസാര്‍ സ്വദേശികളായ കെപി അര്‍ഷാദ്(31), പി ജിസിന്‍(26), ചക്കരക്കല്ലിലെ കെകെ ശ്രീലാല്‍(24) എന്നിവരാണ് പിടിയിലായത്.

സൗദി അറേബ്യയിലുള്ള സുഹൃത്ത് റഹീം എന്നയാള്‍ക്ക്
ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന് വലിയ നിയമ കുരുക്കായി മാറുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശ്വസ്തര്‍ അല്ലാത്തവരില്‍ നിന്ന് വിദേശത്തേക്ക് കൊണ്ടുപോവാന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.


