23
Mar 2025
Sat
23 Mar 2025 Sat
MDMA trade at home: 3 people including siblings arrested in Thrissur

വീട്ടില്‍ MDMA കച്ചവടം: തൃശൂരില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; രണ്ടുപേര്‍ പോലീസിനെ തള്ളിയിട്ട് ഓടിരക്ഷപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: നെടുപുഴയില്‍ 4 കിലോ കഞ്ചാവും 70 ഗ്രാം എം.ഡി.എം.എയും സഹിതം സഹോദരങ്ങളടക്കം 3 യുവാക്കളെ പൊലിസ് പിടികൂടി. നെടുപുഴ മാഷുപടി റോഡില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന അരിമ്പൂര്‍ നാലാംകല്ലില്‍ തേക്കിലക്കാടന്‍ വീട്ടില്‍ അലന്‍ (19), സഹോദരന്‍ അരുണ്‍ (25), അരണാട്ടുകര രേവതി മൂലയില്‍ കണക്കപ്പടിക്കല്‍ ആഞ്ജനേയന്‍ (19) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് വന്‍ റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പൊലിസിനെ തള്ളിമാറ്റി ഓടിയൊളിച്ചു. ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി ആര്‍. ഇളങ്കോയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ഏതാനും ദിവസങ്ങളായി പ്രദേശം പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ വീട് വളഞ്ഞ പൊലിസ് വാതില്‍ തുറന്നയുടന്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലിസ് വീടിനുള്ളില്‍ കടന്നപ്പോള്‍ ലഹരി ഉപയോഗിച്ച നിലയിലായിരുന്ന പ്രതികള്‍, കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പനയ്ക്കായി ചെറിയ പായ്ക്കറ്റുകളില്‍ നിറയ്ക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കടത്തുന്നതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കായുള്ള തെരച്ചിലും നടത്തുന്നുണ്ട്. തൃശൂര്‍ എ.സി.പി എന്‍. സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ നെടുപുഴ ഇന്‍സ്‌പെക്ടര്‍ ഷാജകുമാര്‍, എസ്.ഐമാരായ കെ.ആര്‍ ശാന്താറാം, എന്‍.പി സന്തോഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

MDMA trade at home: 3 people including siblings arrested in Thrissur