എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റുമരിച്ച എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം സിപിഎം വാടകയ്ക്ക് നല്‍കി. (Memorial built in the name of slain Abhimanyu is being rented out; Protest against CPM leadership) ബഹുനില മന്ദിരം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് നല്‍കിയിരിക്കുന്നത്. മറ്റൊരുനില പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗവും കൈക്കലാക്കി.
|
റസിഡന്‍ഷ്യല്‍ കെട്ടിടം എന്ന നിലയില്‍ നിര്‍മിച്ച സ്മാരകം ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വാണിജ്യാവശ്യത്തിന് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎം അണികളും എസ്എഫ്‌ഐ പ്രവര്‍ത്തകരും നേതൃത്വത്തിനെതിരേ രംഗത്തെത്തി.
ALSO READ: 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനം; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
കലൂര്‍ കതൃക്കടവ് റോഡിലെ ആറര സെന്റിലാണ് അഭിമന്യു പഠനകേന്ദ്രം. പാര്‍ട്ടി ജില്ലാകമ്മിറ്റിയാണ് പണം പിരിച്ചതും പണികഴിപ്പിച്ചതും. 2020ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് കെട്ടിടം പഠനം, തൊഴില്‍ പരിശീലനം, പി.എസ്.സി ഉള്‍പ്പടെ പരീക്ഷകള്‍ക്ക് തയ്യാറെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഒപ്പം, കൊച്ചിയിലെത്തുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതാകട്ടെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
അനധികൃത കെട്ടിടങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണത്തിന്റെ നിഴലിലാണ് കോര്‍പ്പറേഷന്‍. അഭിമന്യു സ്മാരകം വാടകയ്ക്ക് നല്‍കിയതും ഈ അഴിമതിയുടെ ഭാഗമാണെന്നും ആരോപണമുണ്ട്. സ്മാരകത്തിന്റെ ഭൂമിവിലയുടെ കാര്യത്തിലും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍, സ്മാരകത്തിന്റെ പ്രതിമാസ ചെലവുകള്‍ക്കും വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പണം കണ്ടെത്താനാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
വിഷയത്തില്‍ സിപിഎം ജില്ലാസെക്രട്ടറി സി.എന്‍. മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പാര്‍ട്ടില്‍ തന്നെ അമര്‍ഷം പുകയുന്നുണ്ട്. എസ്എഫ്‌ഐക്കുള്ളിലെ ഒരു വിഭാഗവും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
ബ്രാഞ്ചുതലം മുതല്‍ ജനങ്ങളില്‍നിന്ന് പണംപിരിച്ചാണ് അഭിമന്യു സ്മാരകമന്ദിരം സിപിഎം നിര്‍മിച്ചത്. അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് മൂന്ന് കോടിയിലേറെ രൂപ ലഭിച്ചതായാണ് വിവരം.
2018 ജൂലൈ രണ്ടിന് ആണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ- ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്.


