23
Feb 2025
Sun
23 Feb 2025 Sun

കല്‍പറ്റ: വയനാട്ടില്‍ അതിഥി തൊഴിലാളിയെ കൊന്നു മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റില്‍. യുപി സ്വദേശി മുഹമ്മദ് ആരിഫിന്റെ ഭാര്യ സൈനബാണ് കേസില്‍ പിടിയിലായത്. ആരിഫിനെ (38) നേരത്തെ പിടികൂടിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഖീബിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തൊണ്ടര്‍നാട് സ്റ്റേഷന്‍ പരിധിയിലെ വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മഖീബിനെ വിളിച്ചു വരുത്തി കഴുത്തു മുറുക്കി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി രണ്ട് ഭാഗുകളിലാക്കുകയും ബാഗുകള്‍ ഓട്ടോയില്‍ കയറ്റി വലിച്ചെറിയുകയായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു ബാഗ് പാലത്തിനടിയില്‍ തോടിന്റെ കരയിലും മറ്റൊന്ന് റോഡരികിലുമാണ് ഉണ്ടായിരുന്നത്. തൊണ്ടര്‍നാട്, മാനന്തവാടി സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആരിഫിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആരിഫിന്റെ ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകള്‍ മൂളിത്തോട് പാലത്തിനടിയില്‍നിന്ന് കണ്ടെത്തി. താമസസ്ഥലമായ വെള്ളമുണ്ട കാപ്പിക്കണ്ടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് മുഖീബിനെ വിളിച്ചുവരുത്തിയ പ്രതികള്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് പുതിയതായി വാങ്ങിയ കത്തി ഉപയോഗിച്ച് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി. ഇവ ഒരു സ്യൂട്ട്‌കേസിലും കാര്‍ഡ് ബോര്‍ഡ് പെട്ടിയിലുമാക്കിയ പ്രതികള്‍ മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കാനായിരുന്നു പദ്ധതിയിട്ടത്. രക്തം പുറത്തുവരാതിരിക്കാന്‍ പ്രതികള്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

തെളിവ് നശിപ്പിക്കാനായി ക്വാര്‍ട്ടേഴ്‌സിലെ രക്തം തുടച്ച് ശുചീകരിച്ചത് മുഹമ്മദ് ആരിഫും സൈനബയും ചേര്‍ന്നാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ സൈനബയെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്.

എടവക രണ്ടേനാലില്‍ താമസിച്ചിരുന്ന മുഖീബ് പെയിന്റിങ് തൊഴിലാളിയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

migrant worker was chopped into pieces and put in a bag accused wife also arrested