സ്കൂൾ ബസ്സിനുള്ളിൽ ഉറങ്ങിപ്പോയ നാലുവയസ്സുകാരി ജീവനക്കാർ വാഹനം ലോക്ക് ചെയ്തുപോയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടി പഠിച്ചിരുന്ന സ്കൂൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നടപടി. കുട്ടിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
|
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസ മറിയം ജേക്കബ്ബാണ് കഴിഞ്ഞദിവസം സ്കൂൾ ബസ്സിനുള്ളിൽ അകപ്പെട്ട് കനത്ത ചൂട് താങ്ങാനാവാതെ മരിച്ചത്.
അൽവഖ്റയിലെ ദി സ്പ്രിംഗ്ഫീൽഡ് കിൻറർഗാർട്ടണിലെ വിദ്യാർഥിനിയായിരുന്നു മിൻസ. രാവിലെ സ്കൂൾ ബസ്സിൽ സ്കൂളിലേക്കു പോയ മിൻസ ഉറങ്ങിപ്പോവുകയായിരുന്നു. കുട്ടികളെല്ലാം ഇറങ്ങിയെന്നു കരുതിയ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
രാവിലെ ഏഴരമുതൽ 11.30 വരെയാണ് മിൻസ ബസ്സിനുള്ളിൽ അകപ്പെട്ടത്. ബസ്സിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. നാലാം ജന്മദിനത്തിലായിരുന്നു മിൻസയുടെ ദാരുണമരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ നുഐമി സന്ദർശിച്ചതിനു പിന്നാലെയാണ് സ്കൂൾ അടച്ചുപൂട്ടാനുള്ള മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായത്.



